തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി സംബന്ധിച്ച് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുമായി ഉടനേ ചര്‍ച്ച നടത്തുമെന്ന് മുഖമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കൂടിക്കാഴ്ച്ചയ്ക്കായി സമയം ചോദിച്ചിരിക്കുകയാണ്. പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, കൊച്ചി മെട്രോ റെയില്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ എന്നിവരോടൊപ്പമാണ് കേന്ദ്രമന്ത്രിയെ കാണുന്നത്. ഇതൊടെ ലൈറ്റ് മെട്രോയുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ദൂരികരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഡി.എം.ആര്‍.സിയെ ലൈറ്റ് മെട്രോയുടെ കണ്‍സള്‍ട്ടന്റായി നിയമിക്കുന്നതു സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണ്. കേന്ദ്ര സര്‍ക്കാരിനു നല്കിയ കത്തില്‍ ഡി.എം.ആര്‍.സിക്കു കണ്‍സള്‍ട്ടന്‍സി നല്കുന്ന വിഷയം ഇല്ലെന്നും പ്രാഥമിക ജോലികളുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കുന്നത് അട്ടിമറി നീക്കമാണെന്നും മറ്റുമാണു ആരോപണം ഉണ്ടായിരിക്കുന്നത്. എന്നാല്‍ വാസ്തവ വിരുദ്ധമാണ് ഈ ആക്ഷേപങ്ങള്‍. കേന്ദ്ര സര്‍ക്കാരിന് അയച്ച കത്ത് ഇ. ശ്രീധരനുമായി കൂടിയാലോചിച്ചശേഷമാണ് തയാറാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












