ശബരിമല: ശബരിമല ക്ഷേത്രത്തിലെ മേല്‍ശാന്തിയായി എസ്.ഇ. ശങ്കരന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി ഇ.എസ്. ഉണ്ണിക്കൃഷ്ണനും തെരഞ്ഞെടുക്കപ്പെട്ടു. ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എസ്. ഇ. ശങ്കരന്‍ നമ്പൂതിരി തിരുവഞ്ചൂര്‍- അയര്‍ക്കുന്നം കാരക്കാട് ഇല്ലത്തെ അം ഗമാണ്. മാളികപ്പുറം ക്ഷേത്രം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട ഇ.എസ്. ഉണ്ണിക്കൃഷ്ണന്‍ തൃശൂര്‍ കുന്നംപറത്ത് തലപ്പിള്ളി എടക്കാനം ഇല്ലത്തെ അംഗമാണ്. നറുക്കെടുപ്പിന്റെ എട്ടാമത്തെ റൗണ്ടിലാണു ശങ്കരന്‍ നമ്പൂതിരിക്ക് ശബരിമല അയ്യപ്പക്ഷേത്രം മേല്‍ശാന്തിയായുള്ള നറുക്കു ലഭിച്ചത്. പന്തളം കൈപ്പുഴ ലക്ഷ്മിവിലാസം കൊട്ടാരത്തിലെ ശരണ്‍ വര്‍മയെന്ന ബാലനാണു നറുക്കെടുത്തത്. ബംഗളൂരു ജലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തിയായി സേവനമനുഷ്ഠിക്കുകയാണു ശങ്കരന്‍ നമ്പൂതിരി.
മാളികപ്പുറം മേല്‍ശാന്തി പട്ടികയില്‍ അഞ്ചുപേരുടെ പേരാണ് ഉണ്ടായിരുന്നത്. എന്നാല്‍, ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട ശങ്കരന്‍ നമ്പൂതിരിയുടെ പേരും ഇക്കൂട്ടത്തിലുണ്ടായിരുന്നതിനാല്‍ അത് ഒഴിവാക്കിയതിനുശേഷം നാലുപേരുടെ പേരുകളാണു നറുക്കിട്ടത്. നാലാമത്തെ റൗണ്ടിലാണു നറുക്ക് ലഭിച്ചത്. പന്തളം കൊട്ടാരത്തിലെ ശിശിര പി. വര്‍മയെന്ന ബാലികയാണു നറുക്കെടുത്തത്. തൃശൂര്‍ വടക്കാഞ്ചേരി കരിമലക്കാട് ശിവക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് ഉണ്ണിക്കൃഷ്ണന്‍.
പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ മണ്ഡലമഹോത്സവത്തിനായി നട തുറക്കുന്ന നവംബര്‍ 16നു രാത്രി ശബരിമലയില്‍ നടക്കും.
Discussion about this post