തിരുവനന്തപുരം: മലയാളികളുടെ മതമൈത്രിയും ഐക്യവും കേരളത്തെ മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കിയെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രകൃതിരമണീയമായ കേരളത്തിന്റെ ഭൂപ്രകൃതി പോലെ തന്നെയാണ് ആബാലവൃദ്ധം കേരളീയരുടെ മനസും. ഇത്രമാത്രം പരസ്പരസാഹോദര്യം പ്രകടിപ്പിക്കുന്ന ജനങ്ങള്‍ മറ്റൊരിടത്തും ഇല്ല. വിദ്യാഭ്യാസപരമായും സാമൂഹ്യമായും ഏറെ ഉയര്‍ന്ന തലത്തിലാണ് കേരളത്തിലെ ജനങ്ങള്‍. മതസാഹോദര്യം കാത്തുസൂക്ഷിക്കുന്ന കേരളം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ്. ഉത്സവങ്ങളായാലും സമരങ്ങളായാലും അത് ആഘോഷമാക്കുന്ന കേരളീയര്‍ ഇത്തരം മാനസികാവസ്ഥയും ഊര്‍ജവും രാജ്യത്തിന്റെ സമഗ്രപുരോഗതിക്ക് ഉതകുന്ന തരത്തിലും വിനിയോഗിക്കണം. കേരളീയരുടെ അത്തരത്തിലുള്ള ഒരുമ സമൂഹത്തിന്റെയും രാജ്യത്തിന്റെയും വളര്‍ച്ചക്ക് കൂടി പര്യാപ്തമാകുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സാംസ്‌കാരിക വകുപ്പു മന്ത്രി കെ.സി.ജോസഫ് അദ്ധ്യക്ഷനായിരുന്നു. കേരളപ്പിറവി ദിനാചരത്തോടനുബന്ധിച്ച് സംസ്ഥാനസര്‍ക്കാര്‍ ഏറെ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. വജ്രകേരളം എന്നപേരില്‍ ആരംഭിക്കാനിരുന്ന ആഘോഷങ്ങള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളുടെ പശ്ചാത്തലത്തില്‍ നീട്ടിവയ്ക്കുകയായിരുന്നു. വജ്രകേരളം 2016 ജനുവരി ഒന്ന് മുതല്‍ നവംബര്‍ ഒന്നു വരെ ആഘോഷിക്കും. 59 വയസ് പിന്നിടുന്ന കേരളത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും നാം ചിന്തിക്കേണ്ടതുണ്ട്. ആരോഗ്യ – വിദ്യാഭ്യാസ മേഖലകളില്‍ നാം കൈവരിച്ച നേട്ടങ്ങള്‍ കേരള മോഡല്‍ വികസനമെന്ന പേരില്‍ രാജ്യമാകമാനം അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഇന്ന് ആരോഗ്യ – വിദ്യാഭ്യാസ മേഖലകളില്‍ ആ നേട്ടങ്ങള്‍ കേരളത്തിന് അവകാശപ്പെടാന്‍ കഴിയുമോ എന്ന് ചിന്തിക്കണം. ആരോഗ്യരംഗത്ത് ഉണ്ടാകുന്ന പ്രശ്‌നങ്ങളും തുടര്‍ വിദ്യാഭ്യാസ രംഗത്ത് ഡസ്റ്റിനേഷന്‍ പോയിന്റ് ആയി മാറാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കേരളത്തിന് ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട്. മുന്‍കാലങ്ങളിലെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തി കോട്ടങ്ങള്‍ക്കാധാരമായ കാരണം കണ്ടെത്തി അത് പരിഹരിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകും. മലയാള ഭാഷാ നിയമം കൊണ്ടുവരുമെന്നത് സര്‍ക്കാര്‍ തീരുമാനിച്ചുറച്ച കാര്യമാണ്. ഇതില്‍ നിന്നും പിന്നോട്ടു പോകില്ല. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി നിയമം സമ്പൂര്‍ണമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കും. മലയാളം ഒന്നാം ഭാഷയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കീഴ്‌കോടതികളിലും ഇതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു. ശ്രേഷ്ഠഭാഷയായ മലയാളത്തിന്റെ ഉന്നതിക്കുള്ള കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളപ്പിറവിയുടെ 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 60 പുസ്തക പരമ്പരയുടെ ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വഹിച്ചു.
ഡോ.എം.ആര്‍.തമ്പാന്‍, ഡോ.പുതുശേരി രാമചന്ദ്രന്‍, കെ.എല്‍.മോഹനവര്‍മ, ഡോ.രവിശങ്കര്‍ എസ്.നായര്‍, രുഗ്മിണി ഗോപാലകൃഷ്ണന്‍, പി.ആര്‍.ഡി. അഡീഷണല്‍ ഡയറക്ടര്‍ സി.രമേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.












