തിരുവനന്തപുരം: കരമന-കളിയിക്കാവിള പാത നിര്‍മ്മാണം തടസ്സപ്പെടുന്ന രീതിയില്‍ അടിക്കടി വാട്ടര്‍ അതോറിറ്റിയുടെ പൈപ് പൊട്ടുന്നത് പരിഹരിക്കാനുള്ള നടപടികള്‍ക്ക് ധാരണയായി. പി.ഡബ്ളിയു.ഡി എന്‍.എച്ചിന്റെ കരാറുകാര്‍ വഴി പൈപ്പ് ഇടാനാണ് തീരുമാനമായതെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.
വിവിധഘട്ടങ്ങളില്‍ നടന്നുവരുന്ന കരമന-കളിയിക്കാവിള പാതനിര്‍മ്മാണത്തിന്റെ കരമന-പ്രാവച്ചമ്പലം മേഖലയിലാണ് പൈപ്പ് പൊട്ടല്‍ തടസ്സങ്ങളുണ്ടാക്കിയിരുന്നത്. നീറമണ്‍കരയില്‍ ജന്റം പൈപ്പ് ലൈനിന്റെ ബാക്കിയുണ്ടായിരുന്ന പ്രവൃത്തികള്‍ രണ്ടുദിവസത്തിനുള്ളില്‍ പ്രഷര്‍ ടെസ്റ്റ് നടത്തി പൂര്‍ത്തിയാക്കും. പാതയില്‍ പ്രധാന ജംഗ്ഷനുകളില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള ഏജന്‍സിയായി കെല്‍ട്രോണിനെ നിശ്ചയിക്കാനും കളക്ടറുടെ അധ്യക്ഷതയില്‍ കരമന-കളിയിക്കാവിള പാതവികസനം സംബന്ധിച്ച് നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. പാതയുടെ രണ്ടാംഘട്ടത്തിലെ പ്രമാണ പരിശോധന യുദ്ധകാലാടിസ്ഥാനത്തില്‍ അഞ്ചു സംഘങ്ങളെ നിയോഗിച്ച് പൂര്‍ത്തിയാക്കി നഷ്ടപരിഹാര വിതരണത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. 350 ഓളം മരങ്ങള്‍ക്ക് വില നിശ്ചയിക്കാനുള്ള നടപടികള്‍ തിങ്കളാഴ്ച ആരംഭിച്ച് ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും.
സര്‍ക്കാര്‍ നിര്‍ദേശിച്ചതനുസരിച്ച് ബാലരാമപുരത്ത് അണ്ടര്‍ പാസ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളുമായി നവംബര്‍ ഒന്‍പതിന് വൈകിട്ട് ആറിന് ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തും. മസ്ജിദ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെ.എസ്.ആര്.ടി.സി, ബി.എസ്.എന്‍.എല്‍ സംഘടനാ നേതാക്കളുമായും ഒന്‍പതിന് ചര്‍ച്ച നടത്തുമെന്നും കളക്ടര്‍ അറിയിച്ചു.
Discussion about this post