തിരുവനന്തപുരം: സ്ത്രീകള്‍ക്ക് തുല്യനീതി ഉറപ്പാക്കുന്ന നിരവധി ഭരണഘടനാ ഭേദഗതികള്‍ സംബന്ധിച്ച് പലരും അജ്ഞരാണെന്നും നിയമത്തെക്കുറിച്ചുള്ള അവബോധമാണ് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമെന്നും ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം. പ്രഥമ ലിംഗസമത്വത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ത്രിദിന കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന പദ്ധതികളാണ് ജന്‍ഡര്‍ പാര്‍ക്ക് നടപ്പിലാക്കുന്നതെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. സ്ത്രീകളെ അവഗണിച്ചുകൊണ്ട് ലോകത്ത് ഒരു രാജ്യത്തിനും മുന്നേറാനാവില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ജന്‍ഡര്‍ പാര്‍ക്കിന്റെ ലോഗോ ഗവര്‍ണറില്‍ നിന്നും ഏറ്റുവാങ്ങി മന്ത്രി കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ട്രാന്‍സ് ജന്‍ഡര്‍ പോളിസി ചീഫ് സെക്രട്ടറിയില്‍ നിന്നും ഏറ്റുവാങ്ങി ട്രാന്‍സ് ജന്‍ഡര്‍ ആക്ടിവിസ്റ്റ് അക്കായി പദ്മശാലി പ്രകാശനം ചെയ്തു. പി.കെ. ശ്രീമതി എം.പി, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ വി.എന്‍. ജിതേന്ദ്രന്‍, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ജന്‍ഡര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫ. നൈല കബീര്‍, ഡോ. മല്ലിക സാരാഭായി, യു.എന്‍. വിമന്‍ അധ്യക്ഷ അപര്‍ണ മഹ്‌റോത്ര, ജന്‍ഡര്‍ പാര്‍ക്ക് സി.ഇ.ഒ പി.ടി. മുഹമ്മദ് സുനീഷ് എന്നിവര്‍ പങ്കെടുത്തു













