ന്യൂഡല്‍ഹി: മികച്ച സംസ്ഥാന പവലിയനും മികച്ച ഫുഡ് കോര്‍ട്ടിനുമുള്ള സുവര്‍ണ പുരസ്‌ക്കാരങ്ങള്‍ നേടിക്കൊണ്ട് 2015 ലെ അന്താരാഷ്ട്ര വ്യാപാരമേളയില്‍ കേരളത്തിന് അഭിമാന നേട്ടം. പ്രഗതി മൈതാനില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയില്‍ നിന്ന് സംസ്ഥാന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ മിനി ആന്റണി പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങി. കേന്ദ്ര സഹമന്ത്രി നിര്‍മ്മല സീതാരാമന്‍, ഐ.ടി.പി.ഒ സി.എം.ഡി എല്‍.സി. ഗോയല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും വിവിധ മന്ത്രാലയങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും പങ്കെടുത്ത ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ മുഖ്യപ്രമേയമായിരുന്ന വ്യാപാരമേളയില്‍ ‘മെയ്ക്ക് ഇന്‍ കേരള’ പ്രമേയമാക്കിയാണ് കേരളം പുരസ്‌ക്കാര നേട്ടം കൈവരിച്ചത്. കേരളത്തിന്റെ വിഭവ വൈവിധ്യവും അവ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തി നേടുന്ന വിദേശനാണ്യവും ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച് കേരളം കൈയടി നേടി. സംസ്ഥാനത്തെ തനത് കാര്‍ഷിക, സമുദ്ര ഉത്പ്പന്നങ്ങളും കരകൗശല ഉത്പ്പന്നങ്ങളും ഉള്‍പ്പെടുത്തി തീം ഏരിയ കേരളം അണിയിച്ചൊരുക്കിയത് വേറിട്ടു നിന്നു. മെയ്ക്ക് ഇന്‍ കേരള എന്ന പ്രമേയം പ്രൊഫഷണല്‍ മികവോടെ അണിയിച്ചൊരുക്കിയ കേരളം മറ്റ് പങ്കാളികളെ പിന്നിലാക്കി. രാജ്യ തലസ്ഥാനത്ത് അനവധി വിദേശ രാജ്യങ്ങള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന അന്താരാഷ്ട്ര പ്രശസ്തമായ മേളയില്‍ കേരളം ഇരട്ട സ്വര്‍ണ്ണ നേട്ടം കൈവരിച്ചത് ഡല്‍ഹി മലയാളികള്‍ക്കും അഭിമാന മുഹൂര്‍ത്തമായി. കേരളത്തിന്റെ പ്രകൃതി വിഭവങ്ങളും, പച്ചപ്പും, വിഴിഞ്ഞം തുറമുഖം, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍, മെട്രോ റെയില്‍, സബര്‍ബന്‍ റെയില്‍, ടെക്‌നോപാര്‍ക്ക് തുടങ്ങിയ വികസന പദ്ധതികളും ഉള്‍പ്പെടുത്തി അതിമനോഹരമായി അണിയിച്ചൊരുക്കിയ മുഖപ്പ് വ്യാപാരമേളയില്‍ സംഘാടകരെ മാത്രമല്ല സന്ദര്‍ശകരെയും ആകര്‍ഷിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന പദ്ധതികള്‍, മനുഷ്യ വിഭവശേഷി, നൈപുണ്യം, നൂതന ആശയങ്ങള്‍, തൊഴില്‍ ശക്തി, ഭൗതിക സാമ്പത്തിക പരിസ്ഥിതികള്‍ക്ക് ഇണങ്ങുന്ന ചെറുകിട വ്യവസായ സംരംഭങ്ങള്‍ എന്നിവയിലൂടെ കേരളത്തിന്റെ വാണിജ്യ, വ്യാപാര പരമ്പരാഗത മേഖലയെ വരച്ചു കാട്ടിയ തീം ഏരിയ സന്ദര്‍ശകര്‍ക്ക് മനം കവരുന്ന വേറിട്ട ദൃശ്യ അനുഭവം നല്‍കി. വ്യാപാരമേളയില്‍ ഏറ്റവുമധികം സന്ദര്‍ശക തിരക്ക് അനുഭവപ്പെട്ടതും കേരള പവലിയനിലാണ്. തീം ഏരിയ ഫോട്ടോയില്‍ പകര്‍ത്താനുള്ള സന്ദര്‍ശകരുടെ തിരക്ക് പലപ്പോഴും നിയന്ത്രണാതീതമായിരുന്നു. മൊത്തം 62 സ്റ്റാളുകളാണ് പവലിയനിലുണ്ടായിരുന്നത്. ഇവയില്‍ 23 എണ്ണം സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേതായിരുന്നു. 39 സ്റ്റാളുകളില്‍ കേരളത്തിന്റെ തനത് ഉത്പ്പന്നങ്ങള്‍ വില്പനയ്ക്ക് സജ്ജമാക്കി. അഭൂതപൂര്‍വ്വമായ തിരക്കാണ് ഈ വര്‍ഷം സ്റ്റാളുകളില്‍ അനുഭവപ്പെട്ടത്. കേരളത്തിന്റെ പരമ്പരാഗത ഭക്ഷ്യ വിഭവങ്ങളുടെ രുചിക്കൂട്ട് വിളമ്പി സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍ സാഫിലെ വനിതകള്‍ മലയാളികള്‍ക്ക് അഭിമാന മുഹൂര്‍ത്തം സമ്മാനിച്ചു. മുമ്പ് പല തവണ സ്വര്‍ണ്ണ മെഡല്‍ ഉള്‍പ്പെടെ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള കേരളം ‘ഡിജിറ്റല്‍ ഇന്ത്യ’ മുഖ്യപ്രമേയമാകുന്ന 2016 ലെ വ്യാപാരമേളയിലും മികവ് ആവര്‍ത്തിക്കുവാനുള്ള ആവേശവുമായാണ് മടങ്ങുന്നത്.
Discussion about this post