സമൂഹത്തിന്റെ സമസ്ത മേഖലകളെയും കാര്‍ന്നു തിന്നുന്ന അര്‍ബുദമാണ് അഴിമതി. ഇത് തടയാന്‍ ബാദ്ധ്യതയുള്ളവര്‍ തന്നെ അഴിമതിക്കാരാവുകയോ അഴിമതിക്കു കൂട്ടുനില്‍ക്കുകയോ ചെയ്യുമ്പോള്‍ പൂച്ചയ്ക്ക് ആരുമണികെട്ടും എന്ന ചോദ്യമുയരുന്നു. അഴിമതിവിമുക്തമായ ഒരു ഭരണക്രമമാണ് ജനങ്ങളെല്ലാം സ്വപ്നം കാണുന്നത്. എന്നാല്‍ ജനാധിപത്യം ശക്തിയാര്‍ജ്ജിച്ച് മുന്നോട്ടുപോകുന്തോറും അഴിമതിയും വര്‍ദ്ധിക്കുകയാണ്.
ഒരു നാടിന്റെ രാഷ്ട്രീയ നേതൃത്വം അഴിമതിവിമുക്തമായാല്‍ ഒരിക്കലും ഉദ്യോഗസ്ഥര്‍ അതിനു തുനിയില്ല. എന്നാല്‍ കേരളത്തില്‍ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരില്‍ ചിലര്‍ ഇന്ന് ഉദ്യോഗസ്ഥരാണ്. ഇതിലൂടെ അവര്‍ ഭരണകൂടത്തിലെ കണ്ണിലെ കരടായി മാറുകയായിരുന്നു. വര്‍ത്തമാനകേരളത്തിന്റെ മനസാക്ഷിക്കുമുന്നില്‍ ്അഴിമതിവിരുദ്ധമായ നിലപാടെടുത്തതിന്റെ പേരില്‍ ഔദ്യോഗികപദവികളില്‍നിന്ന് നിരന്തരം മാറ്റപ്പെട്ടയാളാണ് ഡി.ജി.പി ജേക്കബ് തോമസ്. അദ്ദേഹം ഉയര്‍ത്തിയ വലിയൊരുചോദ്യം ഇന്ന് കേരളത്തിലെ ജനങ്ങളുടെ ഇടയില്‍, പ്രത്യേകിച്ച് യുവജനങ്ങള്‍ ഏറ്റെടുത്തിട്ടിട്ടുണ്ട്. ജോലിക്കുവേണ്ടിയോ അതോ നീതിക്കുവേണ്ടിയോ ജീവിക്കേണ്ടതെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചത്. നീതിയും നിയമവും നോക്കി ശക്തമായനിലപാട് സ്വീകരിച്ചതിന്റെ പേരില്‍ വിജിലന്‍സിന്റെയും ഫയര്‍ഫോഴ്‌സിന്റെയും മേധാവിസ്ഥാനത്തുനിന്നു ഡി.ജി.പി ജേക്കബ്‌തോമസിനെ തെറിപ്പിക്കുകയായിരുന്നു.
കഴിഞ്ഞദിവസം കേരളം നെക്‌സ്റ്റ് സംഘടിപ്പിച്ച അഴിമതിരഹിത കേരളത്തിന് സുസ്ഥിര വികസനം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഉയര്‍ന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ അഴിമതിമുക്തമായ കേരളത്തിലേക്കുള്ള ചൂണ്ടുപലകയാണ്. അഴിമതിക്കെതിരെ പ്രതികരിക്കുന്ന ഉദ്യോഗസ്ഥരെ മാനസിക രോഗികളെന്ന് മുദ്രകുത്തി നടപടിയെടുക്കുന്ന രീതിയാണ് ഇവിടെയുള്ളതെന്നാണ് അദ്ദേഹം പറഞ്ഞത്. അഴിമതിക്കെതിരെ സംസാരിച്ചാല്‍ നാലു മെമ്മോയെങ്കിലും കിട്ടും. മിണ്ടരുതെന്ന അറിയിപ്പ് പിന്നാലെ വരും. തുടര്‍ന്ന് സസ്‌പെന്‍ഷനും സ്ഥലംമാറ്റവും കിട്ടും. മൂന്ന് വിജിലന്‍സ് എഫ്.ഐ.ആര്‍ എങ്കിലും ഉണ്ടെങ്കിലേ സെക്രട്ടറിയാകൂ എന്നതാണ് സ്ഥിതി. കടുത്ത അഴിമതിക്കാര്‍ നാണംകെട്ടും അവരുടെ അഴിമതിമറയ്ക്കാന്‍ ശ്രമിക്കുന്നു. മുല്ലപ്പെരിയാര്‍ ദുരന്തനിവാരണ ഡെപ്യൂട്ടികളക്ടറെ അനധികൃതകൈയേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ചതിനാണ് സ്ഥലം മാറ്റിയത് – അദ്ദേഹത്തിന്റെ വാക്കുകള്‍ കേരളത്തിന്റെ ഇന്നത്തെ അവസ്ഥ വ്യക്തമാക്കുന്നതാണ്.
മൂന്ന് നിലകള്‍ക്ക് മുകളിലുള്ള കെട്ടിടങ്ങള്‍ക്കെതിരെ താന്‍ നടപടിയെടുത്തതിലും പിന്നീട് സര്‍ക്കാര്‍ തിരുത്തിയതിലും ഖേദമില്ലെന്നും മറിച്ച് സന്തോഷമേയുള്ളൂ എന്നും പറഞ്ഞ അദ്ദേഹം വലിയൊരു കാര്യം ഓര്‍മ്മിപ്പിക്കുകകൂടി ചെയ്തു. മുകളിലേക്കുള്ള വളര്‍ച്ചമാത്രമേ നോക്കേണ്ടൂ എങ്കില്‍ ചെന്നൈയുടെ ഗതിയാകും കേരളത്തിനെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
വേലിതന്നെ വിളവുതിന്നുന്ന അത്യന്തം സങ്കീര്‍ണ്ണമായ ഒരവസ്ഥയായാണ് ജനാധിപത്യത്തില്‍ അഴിമതി അതിഭീകരമാംവണ്ണം വളരുന്നത് കാണേണ്ടത്. ഉദ്യോഗസ്ഥ തലത്തില്‍ അഴിമതിക്കെതിരെ ഒറ്റപ്പെട്ടതെങ്കിലും ഉച്ചത്തിലൂള്ള ശബ്ദങ്ങള്‍ കേള്‍ക്കുന്നു. എന്നാല്‍ രാഷ്ട്രീയ നേതൃത്വത്തില്‍ സംശുദ്ധിയുള്ളവര്‍ പലരും ഉണ്ടെന്നുള്ള കാര്യം മറക്കുന്നില്ല. പക്ഷേ ഭരണ നേതൃത്വത്തിലെ അഴിമതിക്കെതിരെ ശബ്ദിക്കുന്നതിനോ അതു തടയുന്നതിനോ അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. രാഷ്ട്രീയത്തില്‍ പ്രായോഗികതയ്ക്കാണ് പ്രാധാന്യമെന്നുപറഞ്ഞുകൊണ്ട് മൂല്യങ്ങള്‍ ബലികഴിക്കുമ്പോള്‍ ശക്തിചോര്‍ന്നുപോകുന്നത് ജനാധിപത്യത്തിനാണ്. അന്തിമമായി അത് നമ്മുടെ വ്യവസ്ഥിതിയുടെ ആണിക്കല്ലുതന്നെ ഇളക്കും.
Discussion about this post