തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം. മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി ആര്‍. സുകേശനാണ് ഇന്നലെ വൈകുന്നേരം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കോടതി ഇന്നു റിപ്പോര്‍ട്ട് പരിഗണിച്ചേക്കും.
തുടരന്വേഷണത്തില്‍ കോഴ ആരോപണം സംബന്ധിച്ചു തെളിവുകളൊന്നും ലഭിച്ചില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാണു വിജിലന്‍സ് കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ആരോപണം ഉന്നയിച്ച ബിജു രമേശ് നല്‍കിയ ശബ്ദരേഖകള്‍ അടങ്ങിയ സിഡി പല തവണ എഡിറ്റ് ചെയ്തിട്ടുള്ളവ ആയതിനാല്‍ ഇവ പരിശോധിക്കേണ്ട ആവശ്യമില്ല. മൊബൈല്‍ ഫോണ്‍ ടവറുകള്‍ കേന്ദ്രീകരിച്ചു നടത്തിയ ശാസ്ത്രീയ അന്വേഷണ റിപ്പോര്‍ട്ടുകളിലെ കണെ്ടത്തലുകളും മൊഴികളും തമ്മില്‍ വൈരുധ്യമുള്ളതിനാല്‍ അവ പരിഗണിക്കാനാകില്ലെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടി. ബിജു രമേശിന്റെ മൊബൈല്‍ ഫോണിന്റെ കാര്യത്തിലും മൊഴിയുമായി ചേര്‍ച്ചയില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കണമെന്നാണ് ആവശ്യം.
വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ കോടതിയാണ് ഇനി തീരുമാനമെടുക്കേണ്ടത്. റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ ബാര്‍ കോഴ കേസ് അവസാനിക്കും. അതല്ലെങ്കില്‍ നിയമനടപടികള്‍ തുടരാം. തെളിവില്ലാത്ത സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി തള്ളിയിരുന്നു. സുകേശന്‍ തന്നെ തുടരന്വേഷണം നടത്താനും കോടതി വിധിച്ചു. വിജിലന്‍സ് കോടതിയുടെ തുടരന്വേഷണം എന്ന നിര്‍ദേശം ഹൈക്കോടതിയും ശരിവച്ചിരുന്നു. ഹൈക്കോടതിയില്‍ നിന്നുണ്ടായ ചില പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ കെ.എം. മാണി മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. തുടരന്വേഷണം നടത്തിയപ്പോള്‍ കേസുമായി മുന്നോട്ടുപോകുന്നതിനു തെളിവുകളില്ലെന്ന നിലപാടു തന്നെയാണ് വിജിലന്‍സ് സ്വീകരിച്ചത്. ശേഖരിച്ച വിവരങ്ങളില്‍ തന്നെ വൈരുധ്യമുണെ്ടന്നു സുകേശന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വിജിലന്‍സ് റിപ്പോര്‍ട്ടിനോട് രാഷ്ട്രീയ കേന്ദ്രങ്ങള്‍ കരുതലോടെയാണു പ്രതികരിച്ചത്. നിരപരാധിയെന്നു തെളിഞ്ഞാല്‍ കെ.എം. മാണിക്കു മന്ത്രിസഭയില്‍ മടങ്ങിയെത്താമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ നിലപാടു വ്യക്തമാക്കാന്‍ കെ.എം. മാണി തയാറായില്ല. മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹത്തിന്റെ നിലപാട് എന്നാണു കെ.എം. മാണി പറഞ്ഞത്. കോടതിയില്‍ ഇരിക്കുന്ന വിഷയം എന്ന നിലയില്‍ താന്‍ കൂടുതല്‍ അഭിപ്രായമൊന്നും പറയുന്നില്ലെന്നും മാണി പറഞ്ഞു.
Discussion about this post