ഹരിദ്വാര്‍: ഗൗഡസാരസ്വത ബ്രാഹ്മണ സമുദായത്തിന്റെ ആത്മീയാചാര്യനും കാശി മഠാധിപതിയുമായ സ്വാമി സുധീന്ദ്ര തീര്‍ത്ഥയ്ക്ക് ഗംഗാതീരത്ത് വ്യാസാശ്രമത്തില്‍ മഹാസമാധിയിരുത്തി. ഞായറാഴ്ച പുലര്‍ച്ചെ ഹരിദ്വാറിലെ വ്യാസാശ്രമത്തിലായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം സംഭവിച്ചത്. മുംബൈയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്വാമിയെ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ശനിയാഴ്ച ഉച്ചയോടെ ഹരിദ്വാറിലേക്ക് കൊണ്ടുവരികയായിരുന്നു. ആശ്രമത്തിലെത്തി മണിക്കൂറുകള്‍ക്കുശേഷമാണ് അദ്ദേഹം മഹാസമാധിയായത്.
സ്വാമിയുടെ ഭൗതികശരീരം ആശ്രമത്തിനകത്തുതന്നെ വെള്ളിസിംഹാസനത്തില്‍ ഇരുത്തി. സ്വാമികള്‍ക്ക് ഭക്തരെ കാണുന്നതിനായി ഒരുക്കിയിട്ടുള്ള അതേ ഹാളിലാണ് ഭൗതികശരീരം ദര്‍ശനത്തിനായി ഒരുക്കിയത്. വൈകുന്നേരം മൂന്നോടെ സ്വാമിയുടെ ശിഷ്യനും ഉത്തരാധികാരിയുമായ സ്വാമി സംയമീന്ദ്ര തീര്‍ത്ഥ ഹരിദ്വാറിലെത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു മഹാസമാധിപൂജ ചടങ്ങുകള്‍ നടന്നത്. ഭൗതികശരീരത്തിനു മുന്നില്‍ അദ്ദേഹം ആദ്യം ത്രികാല പൂജ നടത്തി. ആശ്രമത്തില്‍ രാമമന്ത്രങ്ങളുരുവിട്ട് നൂറുകണക്കിന് ഭക്തജനങ്ങള്‍ പ്രാര്‍ഥനകളില്‍ മുഴുകിയിരുന്നു. 25ഓളം വൈദികര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും വിശ്വാസികള്‍ ഹരിദ്വാറിലെത്തി. വൈകീട്ട് സ്വാമികള്‍ക്കുള്ള കാണിക്ക സമര്‍പ്പണം ആരംഭിച്ചു. ഭക്തജനങ്ങള്‍ പണവും ദ്രവ്യങ്ങളും കാണിക്ക സമര്‍പ്പിച്ചു. രാത്രിയോടെ ഭൗതികശരീരം ഗംഗാതീരത്തെ ഗംഗാമാതാ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. ഗംഗാസ്‌നാനത്തിനുശേഷം ഭൗതികശരീരം തിരിച്ച് ആശ്രമത്തില്‍ കൊണ്ടുവന്നു.
വ്യാസാശ്രമത്തിനകത്ത് വ്യാസ ഭഗവാന്റെ ക്ഷേത്രത്തിന് തെക്കുഭാഗത്തായാണ് സ്വാമികള്‍ക്ക് സമാധി ഒരുക്കിയത്. ഭൗതികശരീരം പീഠത്തോടൊപ്പം പ്രത്യേകം തയ്യാറാക്കിയ കുണ്ഡത്തില്‍ ഇരുത്തി. അതില്‍ സ്വാമിയുടെ മെതിയടിയും മഠാധിപതിയുടെ അധികാര ചിഹ്നമായ ദണ്ഡും ഭൗതികശരീരത്തോടൊപ്പം നിക്ഷേപിച്ചു. കാശിമഠ ഗുരുപരമ്പരയുടെ സമാധി വിധികള്‍ക്ക് അനുസരിച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.












