തിരുവനന്തപുരം: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കം നാലുപേര്‍ക്കെതിരെ അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ മൈക്രോഫിനാന്‍സ് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.
പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മാര്‍ച്ച് അഞ്ചിനകം നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ തെളിവുണ്ടെങ്കില്‍ കേസെടുക്കണമെന്നും കോടതി ഉത്തരവിട്ടു. മൈക്രോഫിനാന്‍സ് ഇടപാടില്‍ 15 കോടി രൂപയുടെ തട്ടിപ്പ് ആരോപിച്ച് വെള്ളാപ്പള്ളി നടേശന്‍, യോഗം പ്രസിഡന്റ് ഡോ. എം.എന്‍.സോമന്‍, മൈക്രോഫിനാന്‍സ് കോഓര്‍ഡിനേറ്റര്‍ കെ.കെ.മഹേശന്‍, പിന്നാക്കക്ഷേമ കോര്‍പ്പറേഷന്‍ മുന്‍ എം.ഡി. എന്‍.നജീബ് എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണ് വി.എസ്. ഹര്‍ജി നല്‍കിയത്.













