ശബരിമല: ശബരിമലയില്‍ ഇന്നലെ അയ്യപ്പസേവാസമാജത്തിന്റെ വകയായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ അയ്യപ്പസേവാ സമാജം തുടക്കം കുറിച്ച സ്വഛ്ശബരിമല ശുചീകരണ പരിപാടിയുടെ ഭാഗമായാണ് ശബരിമലയും പരിസരപ്രദേശങ്ങളും വൃത്തിയാക്കിയത്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമായി ആയിരത്തിഅഞ്ഞൂറോളം പ്രവര്‍ത്തകര്‍ സ്വഛ് ശബരിമല ശുചീകരണ പരിപാടിയില്‍ പങ്കാളികളായി. ഇതില്‍ അഞ്ഞൂറോളം മാളികപ്പുറങ്ങളും ഉണ്ടായിരുന്നു. ശുചീകരണ പരിപാടികള്‍ക്ക് അയ്യപ്പസേവാ സമാജം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍ നേതൃത്വം നല്‍കി. വനം വകുപ്പിന്റെ സഹായത്തോടെ ഉരക്കുഴി, പാണ്ടിത്താവളം അപ്പാച്ചിമേട്, സന്നിധാനം എന്നിവിടങ്ങളില്‍ ഉള്‍ക്കാടുകളില്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഇവര്‍ നീക്കം ചെയ്തു. മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനായി പാണ്ടിത്താവളത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഇന്‍സിനറേറ്ററിലേക്ക് എത്തിക്കുന്നതിനായി ദേവസ്വം ബോര്‍ഡ് ട്രാക്ടര്‍ വിട്ടുനല്‍കി. കാനനവാസനായ അയ്യപ്പന്റെ പൂങ്കാവനത്തിന്റെ പരിശുദ്ധി കാത്ത് സൂക്ഷിക്കുവാനുള്ള ശ്രമത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സംതൃപ്തി ഉണ്ടെന്ന് അയ്യപ്പസേവാസമാജം പ്രവര്‍ത്തകര്‍ പറഞ്ഞു. സമാജത്തിന്റെ വകയായി ഈ മണ്ഡല -മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് നിരവധി അയ്യപ്പഭക്തര്‍ക്കായി അന്നദാനം ഉള്‍പ്പെടെ വിവിധ സേവനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്.
Discussion about this post