ന്യൂഡല്‍ഹി: കനത്ത സുരക്ഷയില്‍ രാജ്യം 67-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവില്‍. രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്പഥില്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന് ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം സമര്‍പ്പിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ് ചടങ്ങുകളില്‍ മുഖ്യാതിഥിയായി.
റിപ്പബ്ലിക് ദിന പരേഡിനു രാഷ്ട്രപതി സല്യൂട്ട് സ്വീകരിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്ത് വിളിച്ചോതുന്ന പരേഡാണ് രാജ്പഥില്‍ നടന്നത്. ചരിത്രത്തില്‍ ഡല്‍ഹി പോലീസിലെ ബാന്‍ഡ് സംഘവും പരേഡില്‍ അണിനിരന്നു. ചരിത്രത്തില്‍ ആദ്യമായി ഫ്രഞ്ച് സൈന്യം റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരന്നതും കൗതുകമായി.
26 വര്‍ഷത്തിനു ശേഷം രാജ്യത്തിന്റെ ശ്വാനസേനയും റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരന്നു. ചരിത്രത്തില്‍ ആദ്യമായി വനിത സ്റ്റണ്ട് കണ്ടിജന്റ് പരേഡില്‍ പങ്കെടുത്തു. സുരക്ഷ കണക്കിലെടുത്ത് 115 മിനിറ്റായിരുന്ന പരേഡ് 90 മിനിറ്റായി ചുരുക്കി.
ഐഎസ് അടക്കമുള്ള സംഘടനകളുടെ ഭീഷണിയുള്ളതിനാല്‍ കനത്ത സുരക്ഷയിലായിരുന്നു രാജ്യ തലസ്ഥാനം. നാല്പതിനായിരത്തോളം പോലീസുകാരും 200 ദ്രുതകര്‍മ സേനാംഗങ്ങളും ഉള്‍പ്പെട്ട വന്‍ സന്നാഹമാണു സുരക്ഷ ഒരുക്കിയത്. മിസൈലുകളും അത്യാധുനിക ആയുധങ്ങളും വരെ സൈന്യം സജ്ജമാക്കിയിരുന്നു. 1,430 സിസിടിവി കാമറകളും പ്രത്യേക റഡാറുകളും നിരീക്ഷണത്തിനായി ഉപയോഗിച്ചു. എല്ലാ ഇന്ത്യക്കാര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി ട്വിറ്ററില്‍ രേഖപ്പെടുത്തി.
Discussion about this post