ചാലക്കുടി: കേരളത്തിലെ ക്രമസമാധാനരംഗം തകര്‍ന്നുവെന്നും, പോലീസിന് ഗുണ്ടകളെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നവകേരള യാത്രയുടെ ഭാഗമായി ചാലക്കുടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുണ്ടാ സംഘങ്ങള്‍ കേരളത്തിലുടനീളം സൈ്വരവിഹാരം നടത്തുകയാണ്. പോലീസിന് തങ്ങളുടെ കടമ നിര്‍വേറ്റാന്‍ കഴിയുന്നില്ല. വിജിലന്‍സിന് ജോലിചെയ്യാന്‍ കഴിയുന്നില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.
ഭരണത്തിന്റെ ജീര്‍ണത എല്ലാ രംഗത്തെയും തകര്‍ത്തിരിക്കുകയാണ്. കോണ്‍ഗ്രസ് വല്ലാതെ തളര്‍ന്നിരിക്കുകയാണെന്നും കാര്യങ്ങള്‍ ഇടപെട്ട് തീരുമാനമെടുക്കാന്‍ ആളില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ അര്‍ഹത നഷ്ടപ്പെട്ടുവെന്നും ഒരുനിമിഷംപോലും വൈകാതെ രാജിവയ്ക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. വി.എം. സുധീരന്‍, ഉമ്മന്‍ചാണ്ടിയുടെ ഉപജാപക സംഘത്തിലെ ഒരു പാവയായി മാറിയിരിക്കകയാണെന്നും പിണറായി ആരോപിച്ചു.
യുഡിഎഫില്‍നിന്നും ഘടകകക്ഷികള്‍ വിട്ടുപോരുന്നതുസംബന്ധിച്ച് ആരും ഇടതുമുന്നണിയെ അറിയിച്ചിട്ടില്ല. യുഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാന്‍ സിപിഎം സരിതയ്ക്കു പത്തുകോടി നല്‍കാമെന്ന് സരിത നേരത്തെ ആരോപിച്ചപ്പോള്‍തന്നെ തങ്ങള്‍ നിഷേധിച്ചതാണ്. തങ്ങള്‍ക്ക് കോടികളുടെ ഇടപാടുകള്‍ ഇല്ല. സരിതയ്ക്കു സിപിഎം പണം വാഗ്ദാനം ചെയ്തുവെന്ന പ്രസ്താവനയെ സിപിഎം നിഷേധിച്ചില്ലെന്ന വി.എം. സുധീരന്റെ ആരോപണത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. അതിരപ്പിള്ളി പദ്ധതി വെള്ളച്ചാട്ടവും, പരിസ്ഥിതിയും സംരക്ഷിച്ചുകൊണ്ട് നടപ്പിലാക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു.
Discussion about this post