കൊച്ചി: പ്രമുഖ നിയമജ്ഞനും സുപ്രീം കോടതി മുന്‍ ജഡ്ജിയുമായ ജസ്റ്റീസ് കെ.എസ്. പരിപൂര്‍ണന്‍ (83) അന്തരിച്ചു. ഇന്നലെ രാത്രി 9.05 ന്ായിരുന്നു അന്ത്യം സംഭവിച്ചത്. എറണാകുളം അമ്മന്‍കോവില്‍ റോഡില്‍ ആനന്ദ ഭവനിലായിരുന്നു താമസം. ഭാര്യ: പത്മ. സംസ്‌കാരം പിന്നീട്.
ജസ്റ്റീസ് കൃഷ്ണസ്വാമി സുന്ദര പരിപൂര്‍ണന്‍ 1932 ജൂണ്‍ 12നു ജനിച്ചു. തിരുവിതാംകൂര്‍-കൊച്ചി ഹൈക്കോടതിയില്‍ 1956 ജൂണ്‍ 11ന് അഭിഭാഷകനായി എന്റോള്‍ ചെയ്തു. സിവില്‍, നികുതി കേസുകളാണ് അദ്ദേഹം പ്രധാനമായി കൈകാര്യം ചെയ്തിരുന്നത്. 1966 ജൂലൈ മുതല്‍ 1980 ഫെബ്രുവരി വരെ കേരള ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു. 1982 ഡിസംബര്‍ 23ന് ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. 1994 ജനുവരി 24ന് പാറ്റ്‌ന ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റീസായി നിയമിതനായി. 1994 ജൂണ്‍ 11ന് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റ ജസ്റ്റീസ് പരിപൂര്‍ണന്‍ 1997 ജൂണ്‍ 11ന് വിരമിച്ചു. തുടര്‍ന്നു ദേശീയ ഉപഭോക്തൃ ഫോറം ചെയര്‍മാനായിരുന്നു.
തിരുവനന്തപുരത്തെ പ്രശസ്ത അഭിഭാഷകനായിരുന്ന ഡി.എം. കൃഷ്ണസ്വാമി അയ്യങ്കാരുടെ മകനാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമന അഴിമതികളെക്കുറിച്ച് അന്വേഷിച്ച കമ്മീഷന്റെ അധ്യക്ഷനായിരുന്നു. കെ.എസ്. പരിപൂര്‍ണന്റെ റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് മലബാര്‍ ദേവസ്വം ബോര്‍ഡും കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡും രൂപീകരിച്ചത്. ക്ഷേത്രകാര്യ നിയമങ്ങളില്‍ പ്രാവീണ്യം തെളിയിച്ച അദ്ദേഹം ക്ഷേത്ര ശാന്തിമാര്‍ക്കു ക്ലാസെടുത്തിരുന്നു.
Discussion about this post