ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിന് ദേശീയതലത്തില്‍ പൊതുപ്രവേശന പരീക്ഷ നടത്താന്‍ തീരുമാനം. രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളജിലേക്കുള്ള പ്രവേശനത്തിനും ഏകീകൃത പൊതുപരീക്ഷ നടത്തണമെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയാണ് മെഡിക്കല്‍ കൗണ്‍സില്‍ ശിപാര്‍ശ അംഗീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് മറ്റ് മന്ത്രാലയങ്ങള്‍ക്കു നല്‍കേണ്ട കാബിനറ്റ് നോട്ട് ആരോഗ്യമന്ത്രാലയം തയാറാക്കിക്കൊണ്ടിരിക്കുകയാണ്.
ഇതനുസരിച്ച്, സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ ഇനി പൊതുപരീക്ഷയാണ് മാനദണ്ഡമാകുക. ബിരുദ കോഴ്‌സിനും ബിരുദാനന്തര കോഴ്‌സിനും ഇതേരീതിയില്‍ തന്നെയായിരിക്കും പ്രവേശന പരീക്ഷ നടക്കുക. സ്വകാര്യ സര്‍വകലാശാലകളും കല്‍പിത സര്‍വകലാശാലകളും ഇതില്‍ ഉള്‍പ്പെടും.
2012 ഡിസംബറില്‍ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പരീക്ഷ നടത്തിയതിനെ ചോദ്യം ചെയ്ത് 80 പേരടങ്ങുന്ന സ്വകാര്യ കോളജുകളുടെയും ന്യൂനപക്ഷ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെയും ചില സംസ്ഥാന സര്‍ക്കാരുകളുടെയും സംഘം 2013ല്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റീസ് അല്‍ത്തമാസ് കബീറും ജസ്റ്റീസ് വിക്രംജിത്ത് സെന്നും മെഡിക്കല്‍ കൗണ്‍സിലിന്റെ ആക്ട് പ്രകാരം പൊതുപരീക്ഷ സാധ്യമല്ലെന്ന് വിധിച്ചു. ഇതോടെ ആക്ടില്‍ മാറ്റം വരുത്താന്‍ മെഡിക്കല്‍ കൗണ്‍സില്‍ കേന്ദ്ര സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യുകയായിരുന്നു.
നിലവില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പ്രവേശനപരീക്ഷ നടത്തിയാണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത്. ഇതോടൊപ്പം ഓരോ കോളജുകളും പ്രത്യേകം പ്രത്യേകം പ്രവേശനപരീക്ഷകളും നടത്തുന്നുണ്ട്. ഈ കടമ്പകളെല്ലാം കടന്നാല്‍ മാത്രമേ കുട്ടികള്‍ക്ക് മെഡിക്കല്‍ പ്രവേശനം സാധ്യമാകൂ. ഇതു കൂടാതെ വലിയ തുക കാപിറ്റേഷന്‍ ഫീസായി നല്‍കേണ്ടതായും വരുന്നു. ഏകീകൃത പൊതുപരീക്ഷ വരുന്നതോടെ ഇതില്‍ വ്യത്യാസമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍, പൊതുപ്രവേശന പരീക്ഷ നടത്താനുള്ള നീക്കത്തെ എതിര്‍ത്ത് തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കും കത്തെഴുതിയതായി റിപ്പോര്‍ട്ടുണ്ട്.
Discussion about this post