തിരുവനന്തപുരം: മഹാകവിക്കു ജന്മനാട് വിടചൊല്ലി. അദ്ദേഹം തന്നെ പേരിട്ട തൈക്കാട് ശാന്തികവാടത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഒ.എന്‍.വി.കുറുപ്പിന്റെ സംസ്‌കാരം. വസതിയായ വഴുതക്കാട് ഇന്ദീവരത്തില്‍ നിന്ന് രാവിലെ 9.30നു ആരംഭിച്ച വിലാപയാത്ര പത്തു മണിയോടെ ശാന്തികവാടത്തിലെത്തി. ജില്ലാഭരണകൂടത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഇവിടെ ഗായകന്‍ കെ.ജെ. യേശുദാസിന്റെ നേതൃത്വത്തില്‍ എണ്‍പത്തിനാല് ഗായകര്‍ അദ്ദേഹത്തിനു ഗാനാഞ്ജലി അര്‍പ്പിച്ചു.
മലയാളത്തിന്റെ പ്രിയ കവിക്ക് ആദരമര്‍പ്പിക്കാന്‍ ശാന്തികവാടത്തിലും വന്‍ ജനപ്രവാഹമായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാവിലെയെത്തി ആദരമര്‍പ്പിച്ചു. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍, കവിയുടെ ശിഷ്യര്‍ സുഹൃത്തുക്കള്‍ തുടങ്ങി ഒട്ടേറെപേര്‍ ശാന്തികവാടത്തില്‍ എത്തിയിരുന്നു.
Discussion about this post