* തെരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി
* തെരഞ്ഞെടുപ്പ് സംബന്ധമായ പരാതികള്‍ സമര്‍പ്പിക്കാന്‍ ഇ – പരിഹാരം എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാം
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. റിട്ടേണിംഗ് ഓഫീസര്‍മാരും മറ്റു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയപ്രേരിതമായി പ്രവര്‍ത്തിക്കരുതെന്നും ഇത് കണ്ടെത്തിയാല്‍ സസ്‌പെന്‍ഷന്‍ അടക്കമുള്ള അച്ചടക്കനടപടികളുണ്ടാവുമെന്നും കളക്ടര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന റിട്ടേണിംഗ് ഓഫീസര്‍മാരുടെയും മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ മതിലുകളിലും പൊതു സ്ഥലങ്ങളിലും തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പതിക്കുന്നത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ശനമായി തടയണമെന്ന് അദ്ദേഹം പറഞ്ഞു. പോസ്റ്ററുകളിലും നോട്ടീസുകളിലും അച്ചടിക്കുന്ന വ്യക്തിയുടെയും പ്രസിന്റെയും വിവരങ്ങളും കോപ്പിയുടെ എണ്ണവും നിര്‍ബന്ധമായും രേഖപ്പെടുത്തിയിരിക്കണം. വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള പ്രസംഗങ്ങള്‍ക്കും പ്രസ്താവനകള്‍ക്കുമെതിരെ നടപടി സ്വീകരിക്കും. ഓരോ സ്ഥാനാര്‍ത്ഥിയും ചെലവഴിക്കാവുന്ന തുകയിലധികം ചെലവഴിക്കുന്നുണ്ടോ എന്ന് കര്‍ശനമായി നിരീക്ഷിക്കും. രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ക്ക് ഇ – അനുമതി സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിന് പരിശീലനം നല്‍കിയെന്നും പൊതു ജനങ്ങള്‍ക്ക് ഇ – പരിഹാരം എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് സംബന്ധമായ പരാതികള്‍ സമര്‍പ്പിക്കാവുന്നതാണെന്നും കളക്ടര്‍ പറഞ്ഞു. വോട്ടര്‍മാര്‍ക്ക് നിര്‍ഭയരായി വോട്ട് രേഖപ്പെടുത്താനുള്ള അവസരം ഉണ്ടാക്കാന്‍ നടപടിയെടുക്കും. സ്‌ക്വാഡുകളില്‍ അംഗങ്ങളായ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പുകഴിയുന്നതുവരെ രാവും പകലും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം. പ്രചാരണ വാഹനങ്ങളുടെ മുന്‍വശത്ത് വാഹനങ്ങളുടെ പെര്‍മിറ്റ് പ്രദര്‍ശിപ്പിച്ചിരിക്കണമെന്നും രാഷ്ട്രീയ പൊതുയോഗങ്ങള്‍ പൂര്‍ണമായും നിരീക്ഷിച്ച് റെക്കോര്‍ഡ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു
Discussion about this post