തിരുവനന്തപുരം: നിലമ്പൂര്‍ ട്രെയിന്‍ അട്ടിമറി ശ്രമം സംബന്ധിച്ച അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്കു കൈമാറുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ മേലുള്ള ചര്‍ച്ചയിലാണു കോടിയേരി ഇക്കാര്യം അറിയിച്ചത്.
നിലമ്പൂര്‍ ട്രെയിന്‍ അട്ടിമറി ശ്രമം ഗൗരവം അര്‍ഹിക്കുന്ന കാര്യമാണ്. റയില്‍വേയും മറ്റും ഉള്‍പ്പെടുന്ന വിഷയമായതിനാല്‍ കേസ് എന്‍ഐഎ അന്വേഷിക്കുകയാണ് ഉചിതമെന്നും കോടിയേരി പറഞ്ഞു. സ്‌ഫോടക വസ്‌തു നിരോധന നിയമത്തിന്റെ ദുരുപയോഗം തടയാന്‍ കേന്ദ്രസഹായം തേടുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
മാവോയിസ്‌റ്റുകളും മതതീവ്രവാദികളും തമ്മില്‍ ബന്ധമുണ്ടെന്നു ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കേരളത്തില്‍ താലിബാന്‍ മോഡല്‍ കോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ന്യൂമാന്‍ കോളജ് അധ്യാപകന്റെ കൈവെട്ടാന്‍ ഉത്തരവിട്ടത് ഇത്തരത്തിലൊരു കോടതിയാണെന്നും ആര്യാടന്‍ ചൂണ്ടിക്കാട്ടി.
എല്ലാ തീവ്രവാദക്കേസുകളും എന്‍ഐഎയ്‌ക്ക് ഏറ്റെടുക്കാനാവില്ലെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. നിലമ്പൂര്‍ ട്രെയിന്‍ അട്ടിമറി ശ്രമം എന്‍ഐഎ അന്വേഷിക്കണമെന്ന സംസ്‌ഥാനത്തിന്റെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. നിലമ്പൂര്‍ ട്രെയിന്‍ അട്ടിമറി ശ്രമം സംസ്‌ഥാനം അന്വേഷിച്ചു കുറ്റക്കാരെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ എന്‍ഐഎ കേസ് ഏറ്റെടുക്കണമോ എന്ന കാര്യം ആലോചിക്കാം.
എല്ലാ കേസുകളും എന്‍ഐഎ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്നത് ഏത് അന്വേഷണവും സിബിഐ നടത്തണമെന്നു പറയും പോലെയാണ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ബിജെപിയുടെ ആവശ്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, ഏതെങ്കിലും ഒരു സംഘടനയെ നിരോധിക്കുക എന്നു പറഞ്ഞാല്‍ പരിശോധിക്കാതെയോ വിലയിരുത്താതെയോ അഭിപ്രായം പറയാന്‍ കഴിയില്ലെന്നും ഇത്തരത്തിലുള്ള ഏതെങ്കിലും സംഘടനയെ നിരോധിക്കണമെന്നു സംസ്‌ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കേന്ദ്രം അക്കാര്യം ആലോചിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Discussion about this post