തിരുവനന്തപുരം: ജില്ലയിലെ വോട്ടിങ് ശതമാനം നൂറു ശതമാനമാക്കാനും ഭയരഹിതമായും സ്വതന്ത്രമായും വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍മാര്‍ക്ക് അവസരമൊരുക്കാനുമുള്ള അശ്രാന്ത പരിശ്രമത്തിലാണ് ജില്ലാ ഭരണകൂടവും തെരഞ്ഞെടുപ്പു വിഭാഗവും.
വോട്ടര്‍മാരെ ആകര്‍ഷിക്കാനും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനും ജില്ലയിലെ 14 മണ്ഡലങ്ങളിലും റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ബോധവത്കരണ കാംപെയ്‌നുകള്‍ നടന്നു വരികയാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യുവാക്കളുടെ പങ്കാളിത്തം ഉയര്‍ത്തുക എന്ന ലക്ഷ്യേത്തോടെ റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കലാലയങ്ങളിലും പൊതുസ്ഥലങ്ങളിലും ക്യാമ്പ് സംഘടിപ്പിച്ച് പതിനെട്ട് വയസ്സ് തികഞ്ഞ എല്ലാവരെയും വോട്ടര്‍മാരാക്കുവാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ നടന്നുവരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ വോട്ട് രേഖപ്പെടുത്താന്‍ പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം ഈ തെരഞ്ഞെടുപ്പില്‍ നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ പുതുതായി നടപ്പിലാക്കുന്ന വിവി പാറ്റ് മെഷീനിന്റെ പ്രവര്‍ത്തനവും ക്യാമ്പുകളില്‍ കണ്ട് പരിചയപ്പെടാം.
ഓരോ മണ്ഡലത്തിലും കുറഞ്ഞത് മൂന്നിടത്തെങ്കിലും മോഡല്‍ പോളിംഗ് സ്‌റ്റേഷനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. നെടുമങ്ങാട് നിയോജകമണ്ഡലത്തില്‍ വോട്ടര്‍ ബോധവത്കരണം ലക്ഷ്യമാക്കി നെഹ്രു യുവകേന്ദ്രയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കൂട്ടയോട്ടത്തില്‍ ഇരുനൂറോളം പേര്‍ പങ്കെടുത്തു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം തീരെ കുറഞ്ഞുപോയ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പില്‍ ജവാന്മാര്‍ക്ക് മൂന്ന് ദിവസം ബോധവത്കരണ ക്യാമ്പും മോക്‌പോളിംഗും നടത്തി. ജവാന്മാര്‍ക്കിടയില്‍നിന്ന് ഒരു അംബാസഡറെ തിരഞ്ഞെടുത്ത് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ചുമതലപ്പെടുത്തി. കരകുളം പഞ്ചായത്തിലെ അയല്‍ക്കൂട്ടം, ഐസിഡിഎസ് പ്രവര്‍ത്തകരായ സ്ത്രീകള്‍ക്കായി സംഘടിപ്പിച്ച അവയര്‍നെസ് ക്യാമ്പില്‍ ഇരുനൂറോളം പേര്‍ പങ്കെടുത്തു. കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ കാര്യവട്ടം യൂണിവേഴ്‌സിറ്റി കാംപസില്‍ സജ്ജമാക്കിയ മോഡല്‍ പോളിംഗ് സ്‌റ്റേഷനില്‍ നൂറില്‍പരം വിദ്യാര്‍ത്ഥികള്‍ വോട്ട് ചെയ്തു. കാംപസിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ യദുകൃഷ്ണന്‍ വിദ്യാര്‍ത്ഥി അംബാസഡറായി ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേര്‍ന്നതും വിദ്യാര്‍ത്ഥികളില്‍ ആവേശം പകര്‍ന്നു.
വട്ടിയൂര്‍ക്കാവ്, വര്‍ക്കല, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, തിരുവനന്തപുരം, പാറശ്ശാല, കാട്ടാക്കട, നെയ്യാറ്റിന്‍കര തുടങ്ങി ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലും റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, അങ്കണവാടി ടീച്ചര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, ജനപ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ ബോധവത്ക്കരണ പരിപാടികള്‍ നടക്കുകയാണെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു. പൊതുജനങ്ങള്‍ ഒത്തുകൂടുന്ന പ്രധാന കേന്ദ്രങ്ങളില്‍ പോസ്റ്റര്‍, ബാനര്‍, സ്റ്റിക്കര്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെയും കൂട്ടയോട്ടം, സായാഹ്നങ്ങളില്‍ മെഴുകുതിരി കത്തിച്ചുള്ള മാര്‍ച്ച്, വാഹനങ്ങളില്‍ അനൗണ്‍സ്‌മെന്റ് തുടങ്ങിയ പരിപാടികള്‍ ഏറെ ജനശ്രദ്ധയാകര്‍ഷിക്കുന്നവയാണ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകയായ നാനു ഭാസിന്‍ നിയോജക മണ്ഡലങ്ങള്‍ സന്ദര്‍ശിച്ച് ബോധവത്കരണപ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി.
Discussion about this post