തിരുവനന്തപുരം: വളര്‍ത്തുമൃഗങ്ങള്‍ക്ക് തൃപ്തികരമായി വെള്ളം നല്‍കിയില്ലെങ്കില്‍ സൂര്യാഘാത മരണങ്ങള്‍ക്ക് സാധ്യതയേറുമെന്ന് മ്യഗസംരക്ഷണ വകുപ്പ് അറിയിച്ചു.
മഴയിലെ ഗണ്യമായ കുറവ് കേരളത്തിലെ സ്വാഭാവിക പുല്‍മേടുകളെ കരിച്ചുകളഞ്ഞത് കാലികള്‍ക്ക് വലിയ ഭീഷണി സൃഷ്ടിക്കും. പശുക്കളിലും നായ്ക്കളിലും സൂര്യാഘാതത്തിന്റെ തീഷ്ണത മൂലം കണ്ണുകള്‍ പുറത്തേയ്ക്ക് തള്ളി തുറിച്ച നോട്ടത്തില്‍ തുടങ്ങി ഉമിനീര്‍ ധാരയായി ഒഴുകി അപസ്മാരത്തില്‍ അവസാനിക്കുന്ന ലക്ഷണങ്ങള്‍ ഉണ്ടാകാം. സൂര്യതാപ പ്രതിരോധ മുന്‍കരുതലുകള്‍ ചുവടെ അതിതീഷ്ണമായ വേനലില്‍ മൃഗങ്ങളെ കൊണ്ട് ജോലി ചെയ്യിക്കരുത്.
• തുറസായ സ്ഥലങ്ങളില്‍ മൃഗങ്ങളെ മേയാന്‍ അനുവദിക്കരുത്.
• ആഹാരവിഹാരങ്ങള്‍ ശരീര താപനിലയെ ബാധിക്കുമെന്നതിനാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായ തീറ്റകള്‍ നല്‍കരുത്.
• വൃക്ഷത്തണലുകളില്‍ മൃഗങ്ങളെ കെട്ടുന്നത് നന്നായിരിക്കും.
• ശുദ്ധജലം ആവശ്യാനുസരണം വളര്‍ത്തുമൃഗങ്ങള്‍ക്ക് കുടിയ്ക്കാന്‍ കൊടുക്കുക.
• തൊഴുത്തില്‍ കാറ്റും വെളിച്ചവും കടക്കാന്‍ സൗകര്യം ഉണ്ടാക്കണം.
• മേല്‍ക്കൂരയ്ക്ക് മുകളില്‍ തെങ്ങോലകള്‍ വിരിക്കുന്നത് താപവികീരണം കുറയ്ക്കാന്‍ സഹായിക്കും.
• ഉച്ചനേരം ചണച്ചാക്കുകള്‍ നനച്ച് ഉരുക്കളുടെ പുറത്ത് ഇടുകയോ, അറക്കപൊടി കിഴികള്‍ കെട്ടി കൊമ്പുകള്‍ക്കിടയില്‍ ശിരോഭാഗത്ത് കെട്ടി വച്ച് ഇടയ്ക്ക് നനച്ചു കൊടുക്കുകയോ ചെയ്യാം.
• വിറ്റാമിനുകളും ധാതുലവണ മിശ്രിതങ്ങളും ആഹാരത്തില്‍ ചേര്‍ത്ത് കൊടുക്കാം.
• കോഴികളില്‍ തീറ്റ പല ഘട്ടങ്ങളിലായി നല്‍കിയും കുടിവെള്ളത്തില്‍ ഐസ് കഷണങ്ങള്‍ നല്‍കുകയും ചെയ്യാം.
• ബ്രോയിലര്‍/മുട്ടക്കോഴി കൂടുകളില്‍ നന്നായി കാറ്റും വെളിച്ചവും കടക്കുന്നു എന്ന് ഉറപ്പാക്കണം.












