തിരുവനന്തപുരം: സംസ്ഥാനത്തു നടത്തിയ മെഡിക്കല്‍ പ്രവേശന പരീക്ഷ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് അസാധുവാകുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍. രാജ്യവ്യാപകമായി എംബിബിഎസിനും ബിഡിഎസിനും ഒരു പരീക്ഷ മാത്രം മതിയെന്ന സുപ്രീം കോടതി വിധി വന്നതോടെയാണു വിദ്യാര്‍ഥികള്‍ ആശങ്കയിലായത്. അതേസമയം സംസ്ഥാനത്തു നടത്തിയ മെഡിക്കല്‍ പ്രവേശന പരീക്ഷ അപ്പാടെ റദ്ദാക്കില്ലെന്നു പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് അറിയിച്ചു. എംബിബിഎസ്, ബിഡിഎസ് കോഴ്‌സ് പ്രവേശനപരീക്ഷ മാത്രമാണ് അഖിലേന്ത്യാ തലത്തില്‍ ഏകീകരിച്ചുകൊണ്ടു സുപ്രീംകോടതി ഉത്തരവിട്ടത്. സംസ്ഥാനത്തു മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്തിയത് ഈ രണ്ടു കോഴ്‌സുകള്‍ കൂടാതെ എട്ടു കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനു കൂടിയാണ്. ആയുര്‍വേദ, ഹോമിയോ, യുനാനി, സിദ്ധ, അഗ്രിക്കള്‍ച്ചറല്‍, വെറ്ററിനറി, ഫിഷറീസ് തുടങ്ങിയ കോഴ്‌സുകളിലേക്കും പ്രവേശനം നടത്തുന്നത് ഈ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്. ഈ സാഹചര്യത്തിലാണ് നടത്തിയ പരീക്ഷ റദ്ദാക്കില്ലെന്നു പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് അറിയിച്ചത്.
എന്‍ജിനിയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷകളുടെ മൂല്യനിര്‍ണയം ഉടന്‍ പൂര്‍ത്തിയാകും.












