തിരുവനന്തപുരം: മണ്‍സൂണ്‍ കാലത്ത് ദുരന്ത നിവാരണ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മഴവെള്ള സംഭരണത്തിനും പ്രാമുഖ്യം നല്‍കാന്‍ ചീഫ് സെക്രട്ടറി എസ്. എം. വിജയാനന്ദിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു.
വെള്ളക്കെട്ട് ഒഴിവാക്കാന്‍ ജലനിര്‍ഗമന മാര്‍ഗങ്ങള്‍ എല്ലാം അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കും. പകര്‍ച്ചവ്യാധി ഉണ്ടാകുന്നത് തടയാന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു. ഈ വര്‍ഷം മണ്‍സൂണ്‍ മഴ ദീര്‍ഘകാല ശരാശരി പ്രകാരം 106 ശതമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ അറിയിച്ചു. മെയ് 15ന് ശേഷം മണ്‍സൂണ്‍ ആഗമനം സംബന്ധിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം ഉണ്ടാകും. ഇതിനിടെ സംസ്ഥാനത്ത് അങ്ങിങ്ങ് ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ അറിയിച്ചു. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.
റവന്യൂ സെക്രട്ടറി ബിശ്വാസ് മെഹ്ത, ദുരന്തനിവാരണ അതോറിറ്റി, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, പോലീസ്, ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസ്, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ്, ആര്‍മി, ജിയോളജി, കൃഷി, പി.ഡബ്യൂ.ഡി, പഞ്ചായത്ത്, ആരോഗ്യം, സിവില്‍ സപ്ലൈസ്, ഇലക്ട്രിസിറ്റി ബോര്‍ഡ്, നഗരകാര്യം തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Discussion about this post