തിരുവനന്തപുരം: ഹൈ റെസല്യൂഷന്‍ ക്യാമറകളും അനുബന്ധ സംവിധാനങ്ങളും ഉള്‍പ്പെടുത്തി നവീകരിച്ച സെക്രട്ടേറിയറ്റിലെ നിരീക്ഷണ സംവിധാനവും കണ്‍ട്രോള്‍റൂമും ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് കമ്മീഷന്‍ ചെയ്തു.
നിലവിലുളള സി.സി.ടി.വി ക്യാമറകള്‍ക്കു പകരം പുതിയ അത്യാധുനിക ഡിജിറ്റല്‍ ക്യാമറകള്‍ സ്ഥാപിക്കുകയും സി.സി.ടി.വി കണ്‍ട്രോള്‍ റൂം നവീകരിക്കുകയും ചെയ്തിട്ടുണ്ട്. നവീകരണത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിന്റെ വിവിധ സ്ഥലങ്ങളിലായി 67 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. സെക്രട്ടറിയേറ്റിന്റെ നാലു കാവാടങ്ങളും ഇനി മുതല്‍ ഹൈ റസലൂഷന്‍ ക്യാമറയുടെ നിരീഷണത്തിലായിരിക്കും. ഈ ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ സ്ഥാപിച്ചിട്ടുള്ള സ്‌ക്രീനില്‍ ലഭ്യമാകും. ഇതിനായി 55 ഇഞ്ചിന്റെ 4 മോണിറ്ററുകളാണ് പുതിയതായി സജ്ജീകരിച്ചിട്ടള്ളത്. ഓരോ മോണിറ്ററുകളിലും 14 ക്യാമറകളിലെ ദൃശ്യങ്ങള്‍ വീതം കാണാം. പി.ഡബ്യു.ഡിയുടെ ഇലക്ട്രോണിക്ക് വിഭാഗമാണ് 2.20 കോടി മുതല്‍ മുടക്കി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ , പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹാനീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post