തിരുവനന്തപുരം: മദ്ധ്യവേനലവധിയ്ക്കുശേഷം സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചുവെന്ന് ഉറപ്പുവരുത്തണമെന്ന് പോലീസിനും മോട്ടോര്‍വാഹനവകുപ്പിനും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി.
സ്‌കൂള്‍ തുറക്കുന്നതോടെ ഉണ്ടാകുന്ന ഗതാഗതത്തിരക്ക് വര്‍ദ്ധനവും ജൂണ്‍ മാസത്തെ മഴയും കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. സ്‌കൂള്‍ അധികൃതരും രക്ഷകര്‍ത്താക്കളും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അപകടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക, വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, വിദ്യാലയ പരിസരങ്ങളില്‍ മയക്കുമരുന്നുകള്‍, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ ലഭ്യത പൂര്‍ണമായും തടയുക, പെണ്‍കുട്ടികളുടെ സുരക്ഷ പ്രത്യേകം ഉറപ്പുവരുത്തുക എന്നിവയാണ് പോലീസ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍. ഇതുമായി ബന്ധപ്പെട്ട സ്‌കൂള്‍ പരിസരങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങളും പരിശോധനയും നടത്തണം. ട്രാഫിക് ഡ്യൂട്ടിയ്ക്ക് ആവശ്യം വേണ്ട പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണം.
വിദ്യാലയ പരിസരങ്ങളില്‍ മയക്കുമരുന്ന് വില്പന, ഉപഭോഗം, കൈമാറ്റം എന്നിവ ഇല്ലായ്മ ചെയ്യുന്നതിന് കര്‍ശനമായ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തണം . ഇതിനായി സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ആന്റി നര്‍കോട്ടിക് സ്‌ക്വാഡ്, ജനമൈത്രി പോലീസ്, ഷാഡോ പോലീസ് തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്താം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വരുന്ന വാഹനങ്ങള്‍ മോട്ടോര്‍ ചട്ടപ്രകാരമുളള നിബന്ധനകള്‍ പാലിച്ചിട്ടുണ്ടോ എന്ന് കര്‍ശനമായി പരിശോധിക്കണം. വാഹനങ്ങളില്‍ കുട്ടികളെ കുത്തി നിറച്ച് കൊണ്ടുപോകുന്ന രീതി ഒഴിവാക്കാന്‍ ഡ്രൈവര്‍മാരും രക്ഷിതാക്കളും ശ്രദ്ധിക്കണം. ഇത്തരം നിയമവിരുദ്ധമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന, പോലീസ് വകുപ്പുകള്‍ ശ്രദ്ധിക്കണം.
വാഹനങ്ങളുടെ അമിതവേഗതയും നിയന്ത്രിക്കണം. വിദ്യാര്‍ത്ഥികളുമായി വരുന്ന വാഹനങ്ങള്‍ ദീര്‍ഘനേരം റോഡുകളില്‍ പാര്‍ക്ക് ചെയ്ത് ട്രാഫിക് തടസം സൃഷ്ടിക്കുന്നത് ഒഴിവാക്കാനുളള ക്രമീകരണങ്ങള്‍ സ്‌കൂള്‍ അധിക്യതര്‍ നടത്തണം. പരീശീലനം സിദ്ധിച്ച ഡ്രൈവര്‍മാര്‍ തന്നെയാണ് വാഹനം ഓടിക്കുന്നത് എന്നതുള്‍പ്പെടെയുളള കാര്യങ്ങള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
Discussion about this post