തിരുവനന്തപുരം: കളിയും പാട്ടും നൃത്തവുമായി വര്‍ണാഭമായ അന്തരീക്ഷത്തില്‍ സ്‌കൂള്‍ പ്രവേശനോത്സവത്തോടെ സംസ്ഥാനത്തെ പുതു അധ്യയന വര്‍ഷത്തിന് തുടക്കമായി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു.
എണ്‍പതിലേറെ കുരുന്നുകളാണ് ഇത്തവണ ഇവിടെ ഒന്നാംക്ലാസില്‍ പുതുതായി ചേര്‍ന്നിട്ടുള്ളത്. മുതിര്‍ന്ന കുട്ടികള്‍ അക്ഷരത്തൊപ്പി ധരിപ്പിച്ച് സ്വീകരിച്ച കുരുന്നുകള്‍ മധുരവും സ്വീകരിച്ച് പിണക്കങ്ങളില്ലാതെയാണ് ഔപചാരിക വിദ്യാഭ്യാസത്തിന്റെ ലോകത്തേക്ക് കടന്നത്. പ്രവേശനോത്സവഗാനത്തിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെയാണ് കുരുന്നുകളെ വിദ്യാഭ്യാസവകുപ്പും സ്‌കൂള്‍ അധികൃതരും വരവേറ്റത്. ‘അക്ഷരസൂര്യനുദിച്ചു നമുക്കിന്ന് അറിവിന്‍ ഉല്‍സവഘോഷം’ എന്നു തുടങ്ങുന്ന ഗാനത്തിനൊപ്പം പൂവും ശലഭവും ഒക്കെയായി നിറമാര്‍ന്ന നൃത്തച്ചുവടുകളോടെയായിരുന്നു പരിപാടികള്‍ തുടങ്ങിയത്.
പുതുതായെത്തിയ കുരുന്നുകള്‍ക്കൊപ്പം അല്‍പംനേരം ചെലവഴിച്ച് കുശലാന്വേഷണം നടത്തിയശേഷമാണ് മന്ത്രിയും വിശിഷ്ടാതിഥികളും വേദിയില്‍ പ്രവേശിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്‍െയും സര്‍വ ശിക്ഷാ അഭിയാന്റെയും മികവ് പതിപ്പിന്റെ പ്രകാശനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസവകുപ്പ് അഡീ. ചീഫ് സെക്രട്ടറി വി.എസ്. സെന്തില്‍ കോപ്പി ഏറ്റുവാങ്ങി. പ്രവേശനോത്സവഗാനം രചിച്ച ശിവദാസ് പുറമേരി, സംഗീതം പകര്‍ന്ന മണക്കാല ഗോപാലകൃഷ്ണന്‍, നൃത്തസംവിധാനം നിര്‍വഹിച്ച ജോയ് നന്ദാവനം എന്നിവരെ ആദരിച്ചു. സൗജന്യ യൂണിഫോമിന്റെയും പാഠപുസ്തകത്തിന്‍െയും വിതരണോദ്ഘാടനം ഡോ. എ. സമ്പത്ത് എം.പി നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള ഫലവൃക്ഷത്തൈ വിതരണം പ്രസിഡന്റ് വി.കെ. മധു നിര്‍വഹിച്ചു. സ്‌കൂള്‍ ഇക്കോ ക്ലബ് അംഗങ്ങള്‍ ഏറ്റുവാങ്ങിയ വൃക്ഷത്തൈകളുടെ നടീല്‍ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി നിര്‍വഹിച്ചു. മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. രഞ്ജിത്ത്, കൗണ്‍സിലര്‍ രമ്യ രമേശ്, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം. സുകുമാരന്‍, എസ്.എസ്.എ സ്‌റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ജെസ്സി ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post