തിരുവനന്തപുരം: ഇരുപത്തി ഒന്നാമത് വായനാദിന വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 19 ന് ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം നിര്‍വ്വഹിക്കും. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ചടങ്ങില്‍ അധ്യക്ഷനാകും. 19 മുതല്‍ 25 വരെ ഒരാഴ്ചക്കാലം സംസ്ഥാനത്ത് വായനദിന വാരാഘോഷം സംഘടിപ്പിക്കും. തിരുവനന്തപുരം ജില്ലയിലെ തെരഞ്ഞെടുത്ത സ്‌കൂളുകളിലെ കുട്ടികള്‍ സംസ്ഥാനതല യോഗത്തില്‍ വായനാദിന പ്രതിജ്ഞ ചൊല്ലും. ശ്രേഷ്ഠരായ അധ്യാപകര്‍ക്ക് പ്രണാമം അര്‍പ്പിക്കുന്ന ഗുരുവന്ദനവും ഉണ്ടാകും. വായന പ്രോത്സാഹിപ്പിക്കുവാന്‍ ജൂണ്‍ 11 ന് രാവിലെ 10.30 ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഒരു ലക്ഷം രൂപ പ്രൈസ് മണി നല്‍കുന്ന എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുളള വായിച്ചു വളരുക എന്ന ക്വിസ് പരിപാടി നടത്തും. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന 14 ജില്ലകളിലെയും രണ്ടു കുട്ടികള്‍ വീതം ജൂണ്‍ 19 ന് രാവിലെ 10.30 മണിക്ക് കനകക്കുന്ന് കൊട്ടാരത്തില്‍ സംസ്ഥാനതല ക്വിസ് മത്സരത്തില്‍ മാറ്റുരയ്ക്കും. അന്ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ കുട്ടികളുടെ ചിത്രരചനാ മത്സരവും കനകക്കുന്നില്‍ സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും വായിച്ചു വളരുക ജന്‍ വിജ്ഞാന്‍ വികാസ് യാത്രകള്‍ വാരാചരണക്കാലത്ത് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും കോളേജുകളിലും പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി ജൂണ്‍ 20 ന് വായനാദിന പ്രതിജ്ഞ ചൊല്ലും. ഓഫീസുകളിലും, പൊതുസ്ഥാപനങ്ങളിലും, എല്ലാ പഞ്ചായത്തുകളിലും വായനോത്സവം സംഘടിപ്പിക്കും. ഡിജിറ്റല്‍ ലൈബ്രറികളും അറിവിലൂടെയുളള ശാക്തീകരണവും എന്നതാണ് ഇക്കൊല്ലത്തെ വായനാദിന വാരാചരണത്തിന്റെ മുദ്രാവാക്യം.
Discussion about this post