* ജൈവസമൃദ്ധി, മഴത്താവളം, വഴിയമ്പലം പദ്ധതികള്‍ നടപ്പാക്കും
* സഞ്ചരിക്കുന്ന ശ്മശാനം പദ്ധതി തുടങ്ങും
* പാലിയേറ്റീവ് സര്‍വീസ് സൊസൈറ്റി ആരംഭിക്കും
തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന്റെ 156,74,73,522 രൂപ വരവും 156,01,77,992 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് എ. ഷൈലജാ ബീഗം അവതരിപ്പിച്ചു. 72,95,530 രൂപ നീക്കിയിരുപ്പുള്ള ബജറ്റ്, ഉത്പാദന, സേവന മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്നു. പരിസ്ഥിതി സംരക്ഷണത്തിന് ശ്രദ്ധ നല്‍കുന്ന നിരവധി പദ്ധതികളും ബജറ്റില്‍ ഇടം നേടിയിട്ടുണ്ട്.
പുതിയകാലത്തെ സാമൂഹ്യപ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍പോന്ന രീതിയില്‍ പരമ്പരാഗതരീതിയില്‍നിന്ന് മാറി പ്രയോഗികമായ ബജറ്റാണ് ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് വി.കെ. മധു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമഗ്ര ജൈവപച്ചക്കറി പദ്ധതിയായ ‘ജൈവസമൃദ്ധി’, വിദ്യാലയങ്ങളും വീടുകളും ഹരിതവത്കരിക്കാനുള്ള ‘തണല്‍’, ഭാഷാഗണിത പരിശീലനത്തിനുള്ള ‘അക്ഷരമാല’, ഒരു ലക്ഷം മഴക്കുഴികള്‍ ഒരുക്കുന്ന ‘മഴത്താവളം’, വഴിയോര വിശ്രമ കേന്ദ്രസൗകര്യവുമായി ‘വഴിയമ്പലം’, സഞ്ചരിക്കുന്ന ശ്മശാനം പദ്ധതിയായ ‘ശാന്തികുടീരം’, പെണ്‍കുട്ടികള്‍ക്ക് കരാട്ടേ പരിശീലിപ്പിക്കുന്ന ‘രക്ഷ’, സാന്ത്വന പരിപാലന പദ്ധതിയായ ‘സ്‌നേഹം’ തുടങ്ങിയവയാണ് പ്രധാന പദ്ധതികള്‍.
വിദ്യാഭ്യാസമേഖലക്കായി 31,70,66,693 രൂപയും, ആരോഗ്യമേഖലക്കായി 16,09,38,312 രൂപയും, പട്ടികജാതി/പട്ടികവര്‍ഗ മേഖലക്കായി 25,45,24,681 രൂപയും വകയിരുത്തിയിട്ടുണ്ട്. സാമൂഹ്യസുരക്ഷാക്ഷേമ മേഖലകള്‍ക്കായി 3,61,71,275 രൂപയും കാര്‍ഷികമേഖലക്കായി 4,75,26,823 രൂപയും നീക്കിവെച്ചിട്ടുണ്ട്. മൃഗസംരക്ഷണത്തിന് 6,06,51,897 രൂപയും ക്ഷീരമേഖലയുടെ വികസനത്തിന് 1,52,10,000 രൂപയുമാണ് മാറ്റിവെച്ചിട്ടുള്ളത്. റോഡുകളുടെ അറ്റകുറ്റപണിക്കും സ്‌കൂള്‍ കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിനുമായി 36,17,00,000 രൂപയും ചെറുകിട വ്യവസായ മേഖലയ്ക്കായി 1,72,91,995 രൂപയും വകയിരുത്തിയിട്ടുണ്ട്. പ്രധാനപദ്ധതികള്‍ ചുവടെ ചേര്‍ക്കുന്നു.
ജൈവസമൃദ്ധി ജില്ലയെ ജൈവപച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപതമാക്കാന്‍ ലക്ഷ്യമിട്ടാണ് ‘ജൈവസമൃദ്ധി’ പദ്ധതി ആരംഭിക്കുന്നത്. ജില്ലയില്‍ 20 വീതമുള്ള 5000 പച്ചക്കറി കൃഷി യൂണിറ്റുകളിലൂടെ വന്‍തോതിലുള്ള പച്ചക്കറി ഉത്പാദനമാണ് അടിസ്ഥാനലക്ഷ്യം. ബ്‌ളോക്ക് പഞ്ചായത്തുകളെയും ഗ്രാമപഞ്ചായത്തുകളെയും ഉള്‍പ്പെടുത്തി ജില്ലയിലെ എല്ലാ സ്ഥലങ്ങളിലുംസ്ഥാപനങ്ങളിലും പദ്ധതി വ്യാപിപ്പിക്കാന്‍ രൂപരേഖ തയാറാക്കിയിട്ടുണ്ട്. തണല്‍ വിദ്യാലയങ്ങള്‍ക്കും വീടുകള്‍ക്കും ഹരിതമുഖം നല്‍കാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഫലവൃക്ഷത്തൈ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ഗുണനിലവാരമുള്ള ഒരുലക്ഷത്തോളം ഗ്രാഫ്റ്റ് മാവിന്‍തൈകളാണ് പദ്ധതി വഴി വിതരണം ചെയ്യുന്നത്. മഴത്താവളം ജില്ലയിലുടനീളം ഒരുലക്ഷം മഴക്കുഴികള്‍ നിര്‍മ്മിച്ച് മഴവെള്ളം സംഭരിച്ച് ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തി ജലലഭ്യത ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്നാണ് നടപ്പാക്കുന്നത്.
വഴിയമ്പലം ദീര്‍ഘദൂരയാത്രകള്‍ നടത്തേണ്ടിവരുന്നവര്‍ക്ക് ഉപയോഗപ്പെടാന്‍ 42 വഴിയമ്പലം ആരംഭിക്കും. ടോയ്‌ലറ്റ്, വിശ്രമമുറി, ഡ്രസ്സിംഗ് റൂം, കഫറ്റേരിയ എന്നീ സൗകര്യങ്ങളുണ്ടാകും. 21 എണ്ണം സംസ്ഥാനഫണ്ടും ജില്ലാ പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് നിര്‍മ്മിക്കും. ബാക്കി 21 എണ്ണം ജില്ലാ പഞ്ചായത്ത് ശുചിത്വമിഷനുമായി ചേര്‍ന്ന് നിര്‍മ്മിക്കും. ശിവഗിരി, അരുവിപ്പുറം, കുരിശുമല, പൊന്‍മുടി, മുതലപ്പൊഴി, കാപ്പില്‍ തുടങ്ങി സ്ഥലങ്ങള്‍ ആദ്യത്തെ 21 എണ്ണത്തിന്റെ പട്ടികയില്‍ വരും. സ്‌നേഹം കിടപ്പുരോഗികളുടെ സാന്ത്വന ചികില്‍സക്കും പരിചരണത്തിനുമായി ആവിഷ്‌കരിച്ചിട്ടുള്ളതാണ് ‘സ്‌നേഹം’ പദ്ധതി. ഇതിനായി ജില്ലാ പഞ്ചായത്തിനു കീഴിലുള്ള സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍/രക്ഷിതാക്കളില്‍ നിന്ന് പ്രതിമാസം രണ്ടുരൂപ സ്വീകരിച്ച് അവരെക്കൂടി പങ്കാളികളാക്കും. മറ്റ് സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടേയും സുമനസുകളുടേയും സംഭാവനകള്‍ കൂടി ഉള്‍പ്പെടുത്തി സഹായനിധി സ്വരൂപിക്കും.
ഇപ്പോള്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമബ്‌ളോക്ക് തല പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളെയും ഏജന്‍സികളെയും ജില്ലയിലെ മെഡിക്കല്‍ കോളേജിലെയും ജില്ലാ ആശുപത്രിയിലെയും കമ്യൂണിറ്റി മെഡിക്കല്‍ സംവിധാനത്തെയും രോഗീപരിചരണത്തിനായി ഉപയോഗപ്പെടുത്തും. മെഡിക്കല്‍ പാലിയേറ്റീവ് സര്‍വീസ് സൊസൈറ്റി ജില്ലാ പഞ്ചായത്തിനുകീഴില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്‌റ്റോറുകള്‍, ലാബുകള്‍ എന്നിവ സംയോജിപ്പിച്ച് മെഡിക്കല്‍ പാലിയേറ്റീവ് സര്‍വീസ് സൊസൈറ്റി രൂപീകരിക്കും. സ്‌നേഹം പദ്ധതി വഴി സ്വരൂപിക്കുന്ന സ്‌നേഹനിധി ജില്ലയിലെ സാന്ത്വന ചികില്‍സ ആവശ്യമായ രോഗികള്‍ക്കായി വിനിയോഗിക്കും. ഈ സൊസൈറ്റിയുടെ ചെയര്‍മാനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കണ്‍വീനറായി ജില്ലാ പഞ്ചായത്ത് ഭരണസമിതി നിശ്ചയിക്കുന്ന ജില്ലാതല ഉദ്യോഗസ്ഥനും പ്രവര്‍ത്തിക്കും. അക്ഷരമാല പൊതുവിദ്യാഭ്യാസമേഖലയില്‍ ഗുണനിലവാരം വര്‍ധിപ്പിക്കാനാണ് ‘അക്ഷരമാല’ പദ്ധതി ആവിഷ്‌കരിക്കുന്നത്. കമ്യൂണിക്കേറ്റീവ് ഇംഗ്‌ളീഷ്, മലയാളം, ഹിന്ദി, ഗണിതം എന്നീ വിഷയങ്ങളിലായിരിക്കും പ്രത്യേക പരിശീലനം. കൂടാതെ, സിവില്‍ സര്‍വീസ്, എന്‍ട്രന്‍സ്, പി.എസ്.സി പരിശീലനങ്ങളുാ വിദഗ്ധന്‍മാരെ പങ്കെടുപ്പിച്ച് നടപ്പാക്കും.
ശാന്തികുടീരം സ്വന്തമായി സ്ഥലം ലഭ്യമല്ലാത്ത പാവപ്പെട്ടവര്‍ക്ക് വേണ്ടി ‘ശാന്തികുടീരം’ പദ്ധതിയിലുടെ സഞ്ചരിക്കുന്ന ശ്മശാനം ഒരുക്കും. ചെറിയ സ്ഥലത്ത് പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കാതെ മൃതദേഹം ആചാരങ്ങളനുസരിച്ച് സംസ്‌കരിക്കാന്‍ കഴിയും. പദ്ധതിയുടെ രണ്ടാംഭാഗമായി ജില്ലയിലെ 20 ഓളം പഞ്ചായത്തുകളില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി വിശാലവും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതുമായ ശ്മശാനങ്ങള്‍ നിര്‍മ്മിക്കും. ഇതിനായി സംസ്ഥാനസര്‍ക്കാര്‍ ഫണ്ടുകൂടി ഉപയോഗപ്പെടുത്തും. കാര്‍ഷികസേവന കേന്ദ്രം കാര്‍ഷികസേവനകേന്ദ്രം പദ്ധതിയിലൂടെ കാര്‍ഷികമേഖലയില്‍ ആവശ്യമായ അറിവും സേവനവും കുറഞ്ഞനിരക്കില്‍ യഥാസമയം കര്‍ഷകര്‍ക്ക് ലഭ്യമാക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കണ്‍വീനറായും ഈ സൊസൈറ്റി പ്രവര്‍ത്തിക്കും. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് കരാട്ടേ പരിശീലനം നല്‍കുന്നതിനുള്ള ‘രക്ഷ’ പദ്ധതി, ലഹരിയില്‍നിന്നും മാനസികപിരിമുറുക്കങ്ങളില്‍നിന്നും കുട്ടികളെ മോചിപ്പിക്കാനുദ്ദേശിച്ചുള്ള ‘ദിശ’ പദ്ധതി എന്നിവയും നടപ്പാക്കും. ജില്ലയിലെ 10 കേന്ദ്രങ്ങള്‍ സ്‌പോര്‍ട്‌സ് ഹബ്ബുകളാക്കി വികസിപ്പിക്കും. മലിനമായ ജലാശയങ്ങളെ ശുദ്ധീകരിക്കാനും കരയില്‍ ഈറ, മുള തുടങ്ങിയ സസ്യങ്ങള്‍ വെച്ചുപിടിപ്പിക്കാനും തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ ‘എന്റെ പുഴ, എന്റെ ജലാശയം’ പദ്ധതി ആരംഭിക്കും. ജില്ലയിലെ ഒരു കേന്ദ്രത്തില്‍ തെരുവുനായ്ക്കളുടെ പ്രജനന നിയന്ത്രണത്തിനുള്ള സ്ഥിരം സംവിധാനവും സഞ്ചരിക്കുന്ന തെരുവുനായ പ്രജനന നിയന്ത്രണ കേന്ദ്രവും ആരംഭിക്കും. നെടുമങ്ങാട്, പേരൂര്‍ക്കട ജില്ലാ ആശുപത്രികളില്‍ സമ്പൂര്‍ണ ഡയാലിസിസ് യൂണിറ്റുകളും പവര്‍ ലോണ്‍ട്രികളും ജനറേറ്ററുകളും സ്ഥാപിക്കും. നെടുമങ്ങാട് ആശുപത്രിയില്‍ ആധുനിക മേര്‍ച്ചറി സ്ഥാപിക്കും.
Discussion about this post