പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന അസം സ്വദേശി പോലീസ് പിടിയില്‍. അമിയുര്‍ ഉല് ഇസ്ലാം എന്ന ഇരുപത്തിമൂന്നുകാരനാണ് പോലീസ് പിടിയിലായത്. പാലക്കാട്-തമിഴ്നാട് അതിര്‍ത്തിയില്‍നിന്ന് രണ്ട് ദിവസം മുമ്പാണ് ഇയാളെ പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.
ജിഷയുടെ വീടിന് സമീപത്തുനിന്ന് പോലീസ് കണ്ടെടുത്ത ചോരപുരണ്ട ചെരിപ്പിനു പുറകേയുള്ള അന്വേഷണമാണ് പ്രതിയെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത്. ജിഷയുടെ മൃതദേഹത്തില്‍നിന്നും ചെരിപ്പില്‍നിന്നും ലഭിച്ച രക്തത്തുള്ളികളുടെ ഡി.എന്‍.എ. പരിശോധനാഫലവും ഇയാള്‍ക്കെതിരാണ്. തിരുവനന്തപുരത്തെ ലാബിലാണ് ഡി.എന്‍.എ. പരിശോധന നടത്തിയത്.
ഇയാളുടെ സുഹൃത്തുക്കളായ നാല് അന്യസംസ്ഥാന തൊഴിലാളികളും പോലീസ് കസ്റ്റഡിയിലുണ്ട്. ഇവര്‍ക്കും കൃത്യത്തെക്കുറിച്ച് അറിവുണ്ടെന്നാണു പോലീസ് കരുതുന്നത്. പ്രതി കുറ്റം നടത്തിയത് ഒറ്റക്കല്ല എന്നാണ് പോലീസ് നല്കുന്ന സൂചന.
പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞത് അന്വേഷണ സംഘത്തിന്റെ തൊപ്പിയിലെ പൊന്‍തൂവലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
Discussion about this post