തിരുവനന്തപുരം: പുസ്തക വായനയിലൂടെ അറിവ് നേടുന്നതിനൊപ്പം തൊഴില്‍ വൈദഗ്ധ്യത്തിനുള്ള സാധ്യതകള്‍ കൂടി തേടണമെന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. തിരുവനന്തപുരം കനകക്കുന്നില്‍ വായനാദിനവും 21 ാമത് വായനോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുസ്തകങ്ങളുടെ വായന കുറയുന്നുവെന്ന് കരുതാനാകില്ലെന്ന് പ്രസാധക രംഗത്തെ വളര്‍ച്ച ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ വ്യക്തമാക്കി. ഇന്റര്‍നെറ്റ് വഴിയുള്ള വായന സജീവമാകുന്നത് ആശ്വാസകരമാണ്. ഏതു മാധ്യമത്തിലൂടെയായാലും വായന നിത്യശീലമാക്കണമെന്നാണ് അദ്ദേഹം പുതു തലമുറയെ ഓര്‍മ്മിപ്പിച്ചത്. വായനയിലൂടെ കരുത്തുള്ള പൗരാരാകാന്‍ കഴിയുമെന്നും ഗവര്‍ണര്‍ പറഞ്ഞു. നവ കേരള നിര്‍മ്മിതിയില്‍ വായനശാലകള്‍ക്കുള്ള പങ്ക് അതുല്യമാണ്. ഈ നിലയ്ക്കാണ് പി. എന്‍. പണിക്കരെ സ്മരിക്കുന്നതിലും പിന്തുടരുന്നതിലുമുള്ള പ്രാധാന്യം. സാമൂഹ്യ രാഷ്ട്രീയ മേഖലകളില്‍ കേരളം നേടിയ മികവുകളെല്ലാം ഗ്രന്ഥശാലകളിലൂടെയായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വായനയ്ക്ക് ദിശാബോധം വേണമെന്നാണ് ചടങ്ങില്‍ അധ്യക്ഷനായിരുന്ന വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് വ്യക്തമാക്കിയത്. ഒരു കൃതിയെ എങ്ങനെ സമീപിക്കുന്നു എന്നതാണ് പ്രധാനം. സമീപനത്തിലെ കൃത്യതയാണ് മികച്ച വായനാനുഭവം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. വായനയിലൂടെ ജനാധിപത്യ ആശയോത്പാദനം വികസിപ്പിച്ചെടുക്കണമെന്നും വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു.
ചടങ്ങില്‍ എം. എല്‍. എ . മാരായ കെ. മുരളീധരന്‍, ഒ. രാജഗോപാല്‍, എം. വിജയകുമാര്‍, പന്ന്യന്‍ രവീന്ദ്രന്‍, പാലോട് രവി, ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി ഉഷ ടൈറ്റസ്, വായനോത്സവം ജനറല്‍ കണ്‍വീനര്‍ എന്‍. ബാലഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി ഉഷ ടൈറ്റസ് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മികവ് പുലര്‍ത്തിയ അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.
Discussion about this post