തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തു സംഘടിപ്പിച്ച ചടങ്ങിൽ കീർത്തനം ചൊല്ലിയത് ആരോഗ്യ മന്ത്രി കെ.കെ.ശൈലജയെ അസ്വസ്ഥയാക്കി. സംഭവത്തെക്കുറിച്ച് ആയുഷ് വകുപ്പ് ഉദ്യോഗസ്ഥരോട് മന്ത്രി വിശദീകരണം തേടി.
എന്നാൽ, കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങളിൽ പറഞ്ഞിട്ടുള്ളതിനാലാണ് കീർത്തനം ചൊല്ലിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ മറുപടിയെ തുടര്‍ന്ന് മന്ത്രി മലക്കം മറിഞ്ഞു. താൻ ആരോടും വിശദീകരണം ചോദിച്ചിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങ് മന്ത്രിയായിരുന്നു ഉദ്ഘാടനം ചെയ്തത്. നിലവിളക്ക് കൊളുത്തിയ സമയത്ത് കീർത്തനം ചൊല്ലിയതാണ് മന്ത്രിയെ ചൊടിപ്പിച്ചത്.
യോഗ ഒരു മതവിഭാഗത്തിന്റെ മാത്രം സ്വന്തമല്ലെന്ന് പറഞ്ഞ ശൈലജ യോഗയ്ക്ക് മുമ്പ് മനസ്സ് ഏകാഗ്രമാക്കാന്‍ ഓരോ മതക്കാര്‍ക്കും അവരവരുടെ പ്രാര്‍ത്ഥന ആകാം എന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് മതവിശ്വാസമുള്ളവരും ഇല്ലാത്തവരും ജീവിക്കുന്നുണ്ടെന്നും അവരവർക്ക് അവരുടെ ദൈവങ്ങളെ പ്രാർത്ഥിക്കുന്നതിനുള്ള അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ ചടങ്ങില്‍ ആലപിച്ച കീര്‍ത്തനം പതഞ്ജലി യോഗയിലെ ഒരു ശ്ലോകം മാത്രമാണെന്നും അത് ഏതെങ്കിലും മതവിഭാഗത്തില്‍പ്പെട്ടതല്ലെന്നും യോഗ പരിശീലകര്‍ വിശദീകരിച്ചു.
Discussion about this post