തൃശൂര്‍: കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളുടെ പേരില്‍ കൃഷിഭൂമി വാങ്ങി തരിശിടുന്ന പ്രവണത ഇനി സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍. തൃശൂര്‍ ടൗണ്‍ഹാളില്‍ ജില്ലയിലെ കോള്‍പ്പടവ് പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയുംയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെത്രാന്‍ കായല്‍ പോലുളള വിഷയങ്ങളില്‍ സര്‍ക്കാര്‍ എടുത്തിട്ടുളള കര്‍ശനമായ നിലപാട് ഇത് സംബന്ധിച്ച് നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ വച്ചുപുലര്‍ത്തുന്നവര്‍ക്ക് കൃത്യമായ സന്ദേശം നല്‍കുവാന്‍ കൂടിയുളളതാണ്. നെല്‍കൃഷി സംരക്ഷിക്കുന്നതിനുളള എല്ലാ നടപടികളും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. മെത്രാന്‍ കായല്‍ പാടശേഖരത്തിന്റെ കാര്യത്തില്‍ സമയബന്ധിതമായി നടപടി സ്വീകരിച്ചു വരികയാണെന്നും നവംബര്‍ 20 ന് മുമ്പ് അവിടെ കൃഷി ഇറക്കുമെന്നും മന്ത്രി അറിയിച്ചു.
ആറന്‍മുളയില്‍ എയര്‍പ്പോര്‍ട്ടിന് സ്ഥലം എടുത്തതിന്റെ സമീപത്ത് നൂറ് കണക്കിന് ഏക്കര്‍ ഭൂമിയില്‍ കൃഷി ഇറക്കാതെ കിടപ്പുണ്ട്. ഇവിടെ കൃഷി ഇറക്കുന്ന കാര്യവും സജീവ പരിഗണനയിലാണ്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവരുടെ ഒരു യോഗം ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. തൃശൂര്‍ ജില്ലയിലെ കണിമംഗലം മേഖലയില്‍ തരിശ് കിടക്കുന്ന നെല്‍പ്പാടങ്ങളുടെ കാര്യത്തിലും ഇതേ സമീപനം തന്നെയായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. കൃഷി ഇറക്കുന്നതിനുളള നടപടികള്‍ ഉടമകളില്‍ നിന്ന് ഉണ്ടാകാത്ത പക്ഷം അതിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കും. നെല്‍കൃഷിക്കാര്‍ക്ക് നല്‍കിവരുന്ന പലിശരഹിതമായ വായ്പ പച്ചക്കറി കൃഷിക്കാര്‍ക്കും അനുവദിക്കും. വിവിധ കാരണങ്ങളാല്‍ ഈ വര്‍ഷം വിളനാശം സംഭവിച്ചവര്‍ക്കുളള ധനസഹായം ഉടന്‍ വിതരണം ചെയ്യും. കഴിഞ്ഞ വരഷങ്ങളില്‍ ഇക്കാര്യത്തില്‍ വരുത്തിയിട്ടുളള കുടിശ്ശിക സര്‍ക്കാറിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതനുസരിച്ച് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കൃഷി വകുപ്പില്‍ നിന്ന് വിത്ത് വാങ്ങിയവര്‍ക്കും ലഭ്യമാക്കും. ഇതിനുളള ഉത്തരവ് നല്‍കി കഴിഞ്ഞതായും മന്ത്രി പറഞ്ഞു. തൃശൂര്‍പൊന്നാനി കോള്‍ നിലവികസന സമിതി സി.എന്‍. ജയദേവന്‍ എം.പി. യെ അധ്യക്ഷനാക്കി പുനസംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ചുളള നിയമപരമായ പ്രശന്ങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 11 അംഗ ജില്ലാതല കോള്‍ ഉപദേശക സമിതിക്കും യോഗം രൂപം നല്‍കി. മുരളി പെരുനെല്ലി എം.എല്‍.എ., എന്‍.കെ. സൂബ്രഹ്മണ്യന്‍, കെ.കെ. കൊച്ചു മുഹമ്മദ്, എന്‍.എം. ബാലകൃഷ്ണന്‍, കെ.കെ. രാജെന്ദ്രബാബു, എം.പി. രാജേന്ദ്രന്‍, ഇ.എസ്. മെഹബൂബ്, വി.എസ്. മാധവന്‍, പാഴൂര് അപ്പുക്കുട്ടന്‍, വി.കെ. വിനോദന്‍, വി.എന്‍. ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അംഗങ്ങള്‍.
എ.ഡി.എം. സി.കെ. അനന്തകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുരളി പെരുനെല്ലി എം.എല്‍.എ., പ്രിന്‍സിപ്പാള്‍ കൃഷി ഓഫീസര്‍ എ.എ. പ്രസാദ്, ജലസേചന വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ ജലാലുദ്ദീന്‍, പുഞ്ചസ്‌പെഷ്യല്‍ ഓഫീസര്‍ സോളി ആന്റണി, വിവിധ കോള്‍പ്പടവ് സമിതി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post