തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ചാലക്കുടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സി ബി ഐ ക്ക് കൈമാറി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ചാലക്കുടി സ്റ്റേഷനിലെ ക്രൈംനമ്പര്‍ 537/16 കേസാണ് സി. ബി. ഐ ക്ക് കൈമാറിയത്. മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസ് തൃശൂര്‍ സിറ്റിംഗില്‍ പരിഗണനയ്ക്കെടുത്ത വേളയിലാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മണിയുടെ സഹോദരന് ആര്. എല്‍. വി രാമകൃഷ്ണനും ഭാര്യ നിമ്മിയുമാണ് പരാതി നല്‍കിയത്. സി ബി ഐ അന്വേഷണത്തിന് ഉപകാരപ്രദമാകുന്ന മറ്റ് വിവരങ്ങള്‍ക്കു വേണ്ടി എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടരുകയാണെന്നും സംസ്ഥാന പോലീസ് മേധാവി മനുഷ്യാകാശ കമ്മീഷനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
സി ബി ഐ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അന്വേഷണ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് അനുചിതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മണിയുമായി ബന്ധമുണ്ടായിരുന്നവരുടെ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ചു കഴിഞ്ഞു. മണിക്ക് ശരിയായ ചികിത്സ ലഭിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കിയിട്ടുണ്ടെന്നും കേസ് ഷീറ്റ് ബോര്‍ഡ് പരിശോധിച്ചതായും ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് സിറ്റിംഗില്‍ പരാതിക്കാര്‍ക്ക് കൈമാറി. കേസ് അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. പരാതിക്കാര്‍ക്ക് എതിര് സത്യവാങ്മൂലം ഫയല്‍ ചെയ്യുന്നതിനു വേണ്ടിയാണ് റിപ്പോര്‍ട്ട് കൈമാറിയത്.
Discussion about this post