ചരല്‍ക്കുന്ന് (പത്തനംതിട്ട): മൂന്നര ദശാബ്ദമായി നിലനിന്നിരുന്ന യുഡിഎഫ് ബന്ധം കെ.എം. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്-എം ഉപേക്ഷിച്ചു. രണ്ടു ദിവസമായി ചരല്‍ക്കുന്നില്‍ നടന്ന നേതൃക്യാമ്പിന്റെ സമാപനത്തില്‍ കേരള കോണ്‍ഗ്രസ്-എം സ്റ്റിയറിംഗ് കമ്മിറ്റി ചേര്‍ന്നെടുത്ത തീരുമാനം പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി വ്യക്തമാക്കി. നിയമസഭയില്‍ ഒരു സ്വതന്ത്ര ബ്ലോക്കായിട്ടായിരിക്കും പാര്‍ട്ടി എംഎല്‍എമാര്‍ ഇരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിലെ പ്രധാന ഘടക കക്ഷികളിലൊന്നായ കേരള കോണ്‍ഗ്രസ് -എമ്മിനെ ദുര്‍ബലപ്പെടുത്തുകയെന്ന ഗൂഢലക്ഷ്യത്തോടെ പാര്‍ട്ടിയെയും പാര്‍ട്ടി ലീഡറെയും കടന്നാക്രമിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടത്തിയതായി കെ.എം. മാണി പറഞ്ഞു. ആരെയും ശപിച്ചുകൊണ്ടല്ല പോകുന്നത്. ആരോടും പരിഭവവുമില്ല. യുഡിഎഫിനു നന്മകള്‍ നേരുന്നതായി മാണി പറഞ്ഞു.
നിയമസഭയിലും ഈ നിലപാട് സ്വീകരിക്കുമ്പോഴും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും നിലനില്‍ക്കുന്ന ധാരണകളില്‍ മാറ്റംവരുത്താന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ല. യുപിഎയുമായി പ്രശ്‌നാധിഷ്ഠിത സമീപനമായിരിക്കും. നല്ല തീരുമാനങ്ങള്‍ വരുമ്പോള്‍ ഞങ്ങള്‍ കൂടെയുണ്ടാകും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കരാറുകള്‍ തുടര്‍ന്നും പാലിക്കുകയും ബാധ്യതകള്‍ നിറവേറ്റുകയും ചെയ്യും. മറ്റുഘടക കക്ഷികളുടെ നിലപാടും സമീപനവുമൊക്കെ ഇപ്പോള്‍ തിരക്കേണ്ട കാര്യമില്ല.
കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും കേരള കോണ്‍ഗ്രസ് സ്വതന്ത്ര നിലപാട് എടുക്കുകയാണ് നന്മയെന്നു ഞങ്ങള്‍ കരുതുന്നു. ഇപ്പോഴത്തെ കാര്‍ഷിക പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാനുള്ള പദ്ധതി 14ലെ സംസ്ഥാന കമ്മിറ്റിയില്‍ ആവിഷ്‌കരിക്കുമെന്നും മാണി പറഞ്ഞു.
വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എംഎല്‍എ, ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ് എംഎല്‍എ, ജോയി ഏബ്രഹാം എംപി, ജോസ് കെ. മാണി എംപി, എംഎല്‍എമാരായ മോന്‍സ് ജോസഫ്, എന്‍. ജയരാജ്, റോഷി അഗസ്റ്റിന്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം പങ്കെടുത്തു.
Discussion about this post