തിരുവനന്തപുരം: കായിക താരങ്ങളോടുള്ള സമീപനത്തിലും മനോഭാവത്തിലും മാറ്റം വരണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. രാജ്യത്തിന്റെ 70ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര കായിക യുവജനക്ഷേമ വകുപ്പിന്റെ നിര്‍ദേശാനുസരണം സായിഎല്‍എന്‍സിപിഇ കഴക്കൂട്ടം സൈനിക് സ്‌കൂളില്‍ സംഘടിപ്പിച്ച തിരംഗ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കായിക താരങ്ങള്‍ക്ക് സമൂഹത്തില്‍ നിന്ന് പിന്തുണയും ആദരവും അംഗീകാരവും ലഭിക്കേണ്ടതുണ്ട്. മെഡല്‍ നേടുമ്പോള്‍ അഭിനന്ദിക്കുകയും മറ്റവസരങ്ങളില്‍ തള്ളിക്കളയുകയും ചെയ്യുന്ന നിലപാടില്‍ മാറ്റമുണ്ടാകണം. കായികതാരങ്ങളെ രാജ്യത്തിന്റെ മുതല്‍ക്കൂട്ടായി കാണണം. അത് അവരെ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനത്തിന് പര്യാപ്തമാക്കും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. നമ്മുടെ കായിക താരങ്ങളെ ലോകോത്തര നിലവാരത്തിലെത്തിക്കണമെങ്കില്‍ അവര്‍ക്ക് മികച്ച പരിശീലനവും സംവിധാനങ്ങളും ആവശ്യമാണ്. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഇതിനുള്ള തയാറെടുപ്പുകള്‍ നടത്തി വരുന്നതായും ഗവര്‍ണര്‍ പറഞ്ഞു.
കായിക രംഗത്ത് രാജ്യം ഒറ്റപ്പെടുകയും പിന്തള്ളപ്പെടുകയും ചെയ്യുന്നത് ഭരണാധികാരികള്‍ ഗൗരവത്തോടെ കാണണമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന വൈദ്യുതിദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. രാജ്യത്തിന് ഏറെ കായിക താരങ്ങളെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട് .എന്നാല്‍ അന്താരാഷ്ട്ര മത്സര വേദികളില്‍ അതിനു പറ്റിയവരെ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് ചിന്തിക്കണം. എല്‍എന്‍സിപിഇയും സായിയും ഇക്കാര്യത്തില്‍ പുന:പരിശോധന നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സൈനിക സ്‌കൂളിന്റെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അധികൃതരുമായി സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് നടപടികള്‍ സ്വീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കഴക്കൂട്ടം സൈനിക് സ്‌കൂളില്‍ നിന്ന് എല്‍എന്‍സിപിഇ അത്‌ലറ്റിക്‌സ് സ്റ്റേഡിയത്തിലേക്ക് നടന്ന തിരംഗയാത്രയുടെ ഫ്‌ളാഗ് ഓഫ് ഗവര്‍ണര്‍ നിര്‍വഹിച്ചു. കായിക താരങ്ങളായ ഡി. ഡിജു, കെ.സി. ലേഖ എന്നിവര്‍ക്ക് ഗവര്‍ണര്‍ തിരംഗയാത്ര പതാക കൈമാറി. ചടങ്ങില്‍ സായിഎല്‍എന്‍സിപിഇ പ്രിന്‍സിപ്പല്‍ ഡോ. ജി. കിഷോര്‍, സൈനിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കേണല്‍ എ. രാജീവ്, സായിഎല്‍എന്‍സിപിഇ ഡപ്യൂട്ടി ഡയറക്ടര്‍ ജി. ഐസക്ക് എന്നിവര്‍ പ്രസംഗിച്ചു.













