ന്യൂഡല്‍ഹി: ഐ.എസിന്റെ ഭീകരവാദപരിശീലന ക്ലാസ്സുകള്‍ കേരളത്തില്‍ നടക്കുന്നുണ്ടെന്ന്, കേരളത്തില്‍ നിന്നും ഐ.എസ്സിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്തുവെന്നു കരുതപ്പെടുന്ന യാസ്മിന്‍ അഹമ്മദ് ദേശീയ അന്വേഷണ ഏജന്‍സിക്കു മൊഴി നല്‍കി. എന്‍.ഐ.എ ചോദ്യം ചെയ്യുന്നതിനിടെയാണ് യാസ്മിന്‍ അഹമ്മദ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഐ.എസ് പരിശീലകന്‍ അബ്ദുള്‍ റാഷിദാണ് കേരളത്തിലെ പരിശീലനത്തിനു നേതൃത്വം കൊടുത്തിരുന്നതെന്നും, ഇതു വരെ അന്‍പതോളം യുവതീയുവാക്കള്‍ പരിശീലനം നേടിയതായും ഇവര്‍ വെളിപ്പെടുത്തി. ദായേഷ് ആണ് കേരളത്തില്‍ തീവ്രവാദപരിശീലനം നടത്തുന്നത്. 2014 മുതല്‍ നാല്‍പ്പതോളം ദായേഷ് അനുഭാവികള്‍ അറസ്റ്റിലായിട്ടുണ്ട്. കുറേ നാളുകളായി ഇസ്ലാമിക് സ്റ്റേറ്റിന്റെ സാന്നിദ്ധ്യം ഇവിടെ അനുഭവപ്പെട്ടു വരുന്നതായും ദേശീയ അന്വേഷണ ഏജന്‍സിയുടെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ അലോക് മിത്തല്‍ വ്യക്തമാക്കി.
ബിഹാര്‍ സ്വദേശിയായ യാസ്മിന്‍ അഹമ്മദ് കേരളത്തിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അദ്ധ്യാപികയായി ജോലി നോക്കുകയായിരുന്നു. ഇതേ സ്‌കൂളില്‍ തന്നെ അദ്ധ്യാപകനായിരുന്ന, ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയ തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റാഷിദുമായി അടുത്ത ബന്ധമുണ്ടെന്നു തിരിച്ചറിഞ്ഞതിനേത്തുടര്‍ന്നാണ് യാസ്മിന്‍ അഹമ്മദിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്യുന്നത്. ഡല്‍ഹി വഴി അഫ്ഗാനിസ്ഥാനിലെ കാബൂളിലേയ്ക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് യാസ്മിനെ കേരള പൊലീസ് അറസ്റ്റുചെയ്യുന്നത്.
Discussion about this post