തിരുവനന്തപുരം: സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന അനുയോജ്യ ഭൂവിനിയോഗ മാതൃകാ പദ്ധതിയുടെ ഉദ്ഘാടനം നാളെ (സെപ്തംബര്‍ ഒന്ന്) നടക്കും. കഴക്കൂട്ടം എസ്എന്‍ഡിപി ഹാളില്‍ നടക്കുന്ന ചടങ്ങ് തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ അധ്യക്ഷയായിരിക്കും. പ്രാദേശികാസൂത്രണത്തിന് സഹായകരമാവും വിധത്തില്‍ പ്രകൃതി വിഭവങ്ങളെക്കുറിച്ച് സൂക്ഷമതലത്തില്‍ പരിശോധന നടത്തി ബൃഹത്തായ വിവരസഞ്ചയം തയ്യാറാക്കലാണ് ലക്ഷ്യം. ആസൂത്രണബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തിരുവനന്തപുരം കോര്‍പറേഷനിലെ 100 വാര്‍ഡുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നഗരസഭാ പ്രദേശത്തെ ഭൂവിഭവങ്ങളും കാര്‍ഷിക വിളകളുടെ ലഭ്യതയും വിന്യാസക്രമവും പഠന വിധേയമാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ പ്രദേശത്തിനും അനുയോജ്യമായ ഭൂവിനിയോഗ മാതൃകകള്‍ നിര്‍ദ്ദേശിക്കും. ഉപഗ്രഹ സര്‍വെയിലൂടെ തരിശുനിലങ്ങളെ കണ്ടെത്തി, അവ ഉപയോഗപരമായ രീതിയില്‍ വിനിയോഗിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. തരിശുഭൂമി, വെള്ളക്കെട്ട് പ്രദേശം, നികത്തിയ വയലുകള്‍ തുടങ്ങിയ സംബന്ധിച്ച രൂപരേഖ തയാറാക്കുകയും പാര്‍ക്കിങ്, മാലിന്യ സംസ്‌കരണം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും ഈ പഠനത്തിലൂടെ കഴിയുമെന്നും ഭൂവിനിയോഗ കമ്മിഷണര്‍ അറിയിച്ചു.
Discussion about this post