മലപ്പുറം: ആഴ്‌വാഞ്ചേരി മനയില്‍ രാമന്‍ തമ്പ്രാക്കള്‍ (84) അന്തരിച്ചു. തിരുനാവായയിലെ ആതവനാട് ഗ്രാമത്തിലെ മനയില്‍ രാവിലെ 10.40 ഓടെയായിരുന്നു അന്ത്യം. പരശുരാമന്‍ മഴുവെറിഞ്ഞ് കേരളത്തെ സൃഷ്ടിച്ചപ്പോള്‍ 32 ഗ്രാമങ്ങളായി അവ പകുത്ത് ആഴ്‌വാഞ്ചേരി തമ്പ്രാക്കളെ മേല്‍നോട്ടത്തിനായി ചുമതലപ്പെടുത്തിയെന്നാണ് ഐതിഹ്യം.
കോഴിക്കോട് സാമൂതിരി, മങ്കട വള്ളുവക്കോനാതിരി എന്നീ രാജകുടുംബങ്ങളില്‍ അരിയിട്ടുവാഴ്ച്ചയോ കിരീടധാരണമോ നടക്കണമെങ്കില്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ സാന്നിധ്യം വേണമെന്ന് നിര്‍ബന്ധവുമുണ്ടായിരുന്നു. പൊന്നാനിക്കടുത്തുള്ള മാറഞ്ചേരിയില്‍നിന്നാണ് തമ്പ്രാക്കള്‍ ആതവനാട് ജീവിതം തുടങ്ങുന്നത്.
കേരളമാകെ പരന്നുകിടക്കുന്ന ഭൂസ്വത്തിന്റെ ഉടമകളായിരുന്നു ഇവരെങ്കിലും സമ്പത്തും പ്രതാപവും അസ്തമിച്ച് നില്‍ക്കുന്ന അവസ്ഥയാണിന്ന് ആഴ്‌വാഞ്ചേരി മനയ്ക്കുള്ളത്. ആര്യാദേവി അന്തര്‍ജനമാണ് ഭാര്യ. കൃഷ്ണന്‍, സാവിത്രി, ജലജ, പത്മജ എന്നീ നാല് മക്കളുണ്ട്. മരുമക്കള്‍: ഡോ.കടലായി മനക്കല്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട്, തെക്കേടത്ത് മനക്കല്‍ ശങ്കരന്‍ ഭട്ടതിരിപ്പാട്, പൂമുള്ളി വാസുദേവന്‍ നമ്പൂതിരി, രജനി ആഞ്ഞൂര്‍ മന.
Discussion about this post