തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ സുതാര്യവും അഴിമതി വിമുക്തവുമാക്കാന്‍ എല്ലാ ഓഫീസുകളും ക്യാമറാ നിരീക്ഷണത്തിലാക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ശേഷമാണ് തീരുമാനങ്ങള്‍ അറിയിച്ചത്.
അപകടങ്ങളെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും പഠിക്കാനും പരിഹാരം ക്രോഡീകരിക്കാനുമായി ഓണ്‍ലൈന്‍ അപകട പരിശോധനാ റിപ്പോര്‍ട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തും. കേന്ദ്രീകൃത ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി ‘വാഹന്‍ സാരഥി’ ഓണ്‍ലൈന്‍ സോഫ്ട്‌വെയര്‍ വരും. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഓണ്‍ലൈന്‍ നികുതി പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തും. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഡ്രൈവിംഗ് ലൈസന്‍സുകളും സ്മാര്‍ട്ട് കാര്‍ഡായി നല്‍കാന്‍ പദ്ധതി ആവിഷ്‌കരിക്കും.
റൂട്ട് ബസുകളുടെ സമയക്രമവും യാത്രാവിവരങ്ങളും ഓണ്‍ലൈന്‍ വഴി നിരീക്ഷിക്കാന്‍ ‘ഇട്രാക്’ സംവിധാനം ഏര്‍പ്പെടുത്തും. അന്തര്‍സംസ്ഥാന വാഹനങ്ങള്‍ക്കുള്ള പെര്‍മിറ്റും നികുതിയും അടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം, ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് വാഹനം നിര്‍ത്താതെ വാഹന പരിശോധനാ നോട്ടീസ് അയയ്ക്കാനുള്ള സംവിധാനം വരുമെന്നും മന്ത്രി അറിയിച്ചു. ഓണക്കാലത്ത് അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി സുരക്ഷിത റോഡുപയോഗമെന്ന സന്ദേശം ജനങ്ങളിലെത്തിക്കാന്‍ സെപ്റ്റംബര്‍ ഒന്‍പതിന് ‘ഹെല്‍മെറ്റ് ലൈവ് ഡെമോ’ സംഘടിപ്പിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലെ ബസ് സ്‌റ്റേഷനുകളിലാണ് ഡെമോ സംഘടിപ്പിക്കുന്നത്. ഇതിനായി അതത് സ്ഥലത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സേവനവും പ്രയോജനപ്പെടുത്തും.
സെപ്റ്റംബര്‍ 19 സുരക്ഷാദിനമായി ആചരിക്കും. ശരിയായി ഹെല്‍മെറ്റ് ധരിക്കുന്നതിന്റെയും സുരക്ഷാ കരുതലുകളുടേയും സന്ദേശം എല്ലാവരിലും എത്തിക്കും. ഇതിനായി അന്ന് എല്ലാ വിദ്യാലയങ്ങളിലും അസംബ്‌ളി വിളിച്ചുചേര്‍ത്ത് ‘റോഡ് സുരക്ഷാ പ്രതിജ്ഞ’ എടുക്കും. ഓണാവധിക്കുശേഷം ഒക്‌ടോബര്‍ മാസത്തില്‍ സംസ്ഥാനത്ത് മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കും സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ മോട്ടോര്‍ വാഹന വകുപ്പിന്റെ സഹകരണത്തോടെ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസുകള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.
Discussion about this post