തിരുവനന്തപുരം: മൊബൈല്‍ ടവര്‍ റേഡിയേഷന് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് കേന്ദ്രവിദഗ്ധ സമിതി. ജില്ലാ ടെലകോം കമ്മിറ്റി കളക്ടറേറ്റില്‍ നടത്തിയ ബോധവത്ക്കരണപരിപാടിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ കമ്യൂണിക്കേഷന്‍ മന്ത്രാലയത്തില്‍ നിന്നുള്ള ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ രഘുനന്ദന്, ഡയറക്ടര്‍ ടി. ശ്രീനിവാസന് എന്നിവരാണ് വിദഗ്ധാഭിപ്രായം പങ്കുവച്ചത്.
സംസ്ഥാനത്താകെ 55,000 ബി.ടി.എസ് സ്റ്റേഷനുകളും ട്രാന്മിറ്ററുകളുമാണുള്ളത്. ഇതില്‍ 16,000 എണ്ണം ഇ.എം.ആര് (ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷന്) പരിശോധന നടത്തിക്കഴിഞ്ഞുവെന്ന് രഘുനന്ദന് പറഞ്ഞു. ഇന്റര്‍നാഷണല്‍ കമ്മീഷന് ഓണ്‍ നോണ്‍ അയോണൈസിംഗ് റേഡിയേഷന് പ്രൊട്ടക്ഷന്‍ മാനദണ്ഡങ്ങള്‍ പ്രകാരം 2008ല്‍ തന്നെ ഇ.എം.ആര് പരിമിതപ്പെടുത്താന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ഇന്‍ര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റി ശിപാര്‍ശയെത്തുടര്‍ന്ന് ഇന്ത്യയില്‍ ഇ.എം.ആര് പരിധി 10 ശതമാനമാക്കി കുറച്ചു.
2014ന് ശേഷം പൊതു ഇടങ്ങളില്‍ 450 മില്ലീ വാട്ടിന് പുറത്ത് റേഡിയേഷന് പരിധിയുള്ള ടവറുകള്‍ അനുവദിക്കുന്നില്ലെന്ന് ഡയറക്ടര്‍ ടി. ശ്രീനിവാസന് പറഞ്ഞു. ടേം സെല്ലുകള്‍ പതിവായി ഓഡിറ്റ് നടത്തുന്നുണ്ട്.10 ശതമാനം ബി.ടി.എസുകള്‍ എല്ലാ വര്‍ഷവും കേന്ദ്ര ടെലകമ്യൂണിക്കേഷന്‍ മന്ത്രാലയം പരിശോധിക്കുന്നുണ്ടെന്നും ശ്രീനിവാസന് പറഞ്ഞു. പഠനറിപ്പോര്‍ട്ട് അനുസരിച്ച് മൊബൈല്‍ ടവറുകളില്‍ നിന്നും പ്രസരിക്കുന്ന റേഡിയേഷന് (ഇലക്ട്രോ മാഗ്നറ്റിക് എമ്മിഷന്‍) മനുഷ്യന് ഹാനികരമല്ലെന്നാണ് ഇരുവരും വ്യക്തമാക്കിയത്.
മൊബൈല്‍ ടവര്‍ റേഡിയേഷന് സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും പ്രാരംഭ ഘട്ടത്തിലുള്ള അവബോധ പരിപാടികള്ക്കനുസൃതമായി തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ജില്ലാ കളക്ടര്‍ എസ്. വെങ്കിടേസപതി വ്യക്തമാക്കി.എ.ഡി.എം ജോണ്‍ വി.സാമുവല്‍ ബോധവത്ക്കരണപരിപാടിയില്‍ സംബന്ധിച്ചു.
Discussion about this post