ചെന്നൈ: കാവേരി നദീജല പ്രശ്നത്തിന്റെ പേരില്‍ തമിഴ്നാട്ടില്‍ ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണം. പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്, കനിമൊഴി തുടങ്ങിയവര്‍ അറസ്റ്റിലായി. കര്‍ഷക, വ്യാപാര സംഘടനകളും ട്രാന്‍സ്പോര്‍ട്ട് യൂണിയനുകളും സംയുക്തമായാണ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഡിഎംകെ, പിഎംകെ, എംഡിഎംകെ, ഇടതുപാര്‍ട്ടികള്‍, വികെസി, ടിവികെ, ടിഎംസി തുടങ്ങിയവര്‍ ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രകടനക്കാര്‍ ട്രെയിനുകള്‍ തടഞ്ഞു. സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല. കോളജും സ്കൂളുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. പെട്രോള്‍ പമ്പുകളും തുറന്നിട്ടില്ല. തമിഴ്നാട്ടില്‍നിന്നു മറ്റു സംസ്ഥാനങ്ങളിലേക്കുള്ള പച്ചക്കറികളുടെ നീക്കവും നിലച്ചു.
ബന്ദിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലുള്ള കന്നഡക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയ്ക്കു കത്തയച്ചിരുന്നു. കര്‍ണാടകയില്‍ ഉണ്ടായ പ്രതിഷേധങ്ങള്‍ക്കിടെ തമിഴ്നാട്ടില്‍നിന്നുള്ള വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയിരുന്നു.
Discussion about this post