പാലക്കാട്: പാലക്കാട് വിക്ടോറിയ കോളേജില്‍ നിര്‍ത്തലാക്കിയ വന്ദേമാതരവും, ദേശീയഗാനവും പുനഃസ്ഥാപിക്കുമെന്ന് പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി. ദേശഭക്തിഗാനങ്ങള്‍ നിര്‍ത്തലാക്കാനുള്ള കോളേജ് അധികൃതരുടെ തീരുമാനത്തിനെതിരേ വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നും കനത്ത എതിര്‍പ്പുയര്‍ന്നിരുന്നു. എ.ബി.വി.പി ഇതിനെതിരേ ശക്തമായ പ്രതിഷേധസമരം ആരംഭിച്ച പശ്ചാത്തലത്തിലാണ് ദേശഭക്തിഗാനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ കോളേജധികൃതര്‍ തയ്യാറായത്. ഇടതുപക്ഷ അദ്ധ്യാപകസംഘടനയില്‍ പെട്ട അദ്ധ്യാപകരുടെ സമ്മര്‍ദ്ദത്തേത്തുടര്‍ന്നാണ് ഇത് നിര്‍ത്തിയിരുന്നത്.
ദേശഭക്തിഗാനവും, ദേശീയഗാനവും ആലപിയ്ക്കുമ്പോള്‍, എഴുന്നേറ്റു നില്‍ക്കുകയോ ആദരവു പ്രകടിപ്പിക്കുകയോ ചെയ്യാന്‍ പോലും പല അദ്ധ്യാപകരും തയ്യാറല്ലായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതിനെതിരേ കനത്ത പ്രതിഷേധമാണ് വിദ്യാര്‍ത്ഥികളടക്കമുള്ളവരുടെയിടയില്‍ നിന്നും ഉയര്‍ന്നു വന്നത്.
എന്നാല്‍ ക്ലാസ് റൂമുകളിലെ സൗണ്ട് ബോക്‌സുകള്‍ പ്രവര്‍ത്തിക്കാതായതുകൊണ്ടാണ് ദേശഭക്തിഗാനങ്ങള്‍ നിര്‍ത്തലാക്കിയതെന്നായിരുന്നു കേളേജ് പ്രിന്‍സിപ്പലിന്റെ വിശദീകരണം. സൗണ്ട് ബോക്‌സുകള്‍ റിപ്പയര്‍ ചെയ്തിട്ടുണ്ടെന്നും, തിങ്കളാഴ്ച്ച മുതല്‍ ദേശഭക്തിഗീതങ്ങള്‍ പുനരാരംഭിയ്ക്കുമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.
Discussion about this post