തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ ഫീസിളവ് സംബന്ധിച്ച് മാനേജ്മെന്റ് പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായും ആരോഗ്യ മന്ത്രിയുമായും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ സമരം ശക്തമായി തുടരാന്‍ യു.ഡി.എഫ് തീരുമാനിച്ചു. ഏഴ് ദിവസത്തോളമായി നിയമസഭാ കവാടത്തില്‍ നിരാഹാരമിരിക്കുകയായിരുന്ന യു.ഡി.എഫ് എം.എല്‍.എമാരായ ഹൈബി ഈഡനെയും ഷാഫി പറമ്പിലിനെയും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആസ്പത്രിയിലേക്ക് മാറ്റി. പകരം എം.എല്‍.എ മാരായ വി.ടി. ബല്‍റാമും റോജി എം ജോണും നിരാഹാരം ആരംഭിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അനൂപ് ജേക്കബിനെ നേരത്തെ ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു.
പ്രശ്നം പരിഹരിക്കാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും നിര്‍ദേശം മുന്നോട്ട് വെക്കാനുണ്ടോയെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തന് തങ്ങള്‍ക്ക് ഒരു നിര്‍ദേശവുമില്ലെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചതോടെയാണ് ചര്‍ച്ച ധാരണയാവാതെ പിരിഞ്ഞത്. പ്രശ്‌നത്തില്‍ പരിഹാരം കാണുന്നത് വരെ യു.ഡി.എഫ് സമരത്തില്‍ നിന്ന് പിന്നോട്ട്പോവില്ലെന്ന് പ്രതിപക്ഷനേതാവ് ചെന്നിത്തല പറഞ്ഞു.
Discussion about this post