ഗുരുവായൂര്‍: കൃഷ്ണഭഗവാന്റെ പള്ളിനായാട്ടിനെ അനുസ്‌മരിച്ചു ഗുരുവായൂര്‍ക്ഷേത്രത്തില്‍ ഇന്നു രാത്രി പള്ളിവേട്ട നടക്കും. കൊടിമരത്തിനു സമീപം സന്ധ്യയ്‌ക്കു സ്വര്‍ണപഴുക്കാമണ്ഡപത്തില്‍ കണ്ണന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ചാണ് ഇന്നു ദീപാരാധന. ഗ്രാമപ്രദക്ഷിണത്തിനായി പുറത്തേക്കു കടക്കുമ്പോള്‍ അഞ്ച് ആനകള്‍ അണിനിരക്കും. നിറപറകളോടെ ഭക്‌തര്‍ വരവേല്‍ക്കും. മേളത്തോടെ കുളപ്രദക്ഷിണം പൂര്‍ത്തിയാക്കി അകത്തു കടന്നാല്‍ രാത്രി ഒന്‍പതോടെയാണു പള്ളിവേട്ട.
പിടിയാന നന്ദിനി മാത്രമായി എഴുന്നള്ളിപ്പ് കിഴക്കേ ഗോപുരം കടന്നു കല്യാണമണ്ഡപത്തിനു സമീപമെത്തും. ഇതോടെ പക്ഷിമൃഗാദികളുടെ വേഷം ധരിച്ച ഭക്‌തര്‍ ക്ഷേത്രത്തിലേക്ക് ഓടിക്കയറും. പിന്നാലെ ആനപ്പുറത്തു ഭഗവാനും. ഒന്‍പതു പ്രദക്ഷിണം പൂര്‍ത്തിയാക്കി പന്നിയെ അമ്പെയ്‌തു വീഴ്‌ത്തുന്ന സങ്കല്‍പത്തില്‍ പള്ളിവേട്ട അവസാനിക്കും.
പള്ളിനായാട്ടിന്റെ ക്ഷീണത്തില്‍ നമസ്‌കാരമണ്ഡപത്തില്‍ കാനന പ്രതീതിയിലാണു കണ്ണന്റെ പള്ളിയുറക്കം. നാളെ രാവിലെ ക്ഷേത്രനട വൈകിയേ തുറക്കുകയുള്ളൂ. രാവിലെ എട്ടു മുതലാണു ദര്‍ശനം.
താന്ത്രിക പ്രധാനമായ ഉത്സവബലി ചടങ്ങുകളില്‍ പങ്കെടുക്കാനും കാണിക്കയര്‍പ്പിച്ചു ദര്‍ശനം നടത്താനും ഇന്നലെ പതിനായിരങ്ങളാണ് ഗുരുവായൂരിലെത്തിയത്. ഇന്നലെ രാവിലെ ഒന്‍പതരയോടെയാരംഭിച്ച ചടങ്ങുകള്‍ അഞ്ചു മണിക്കൂര്‍ നീണ്ടു. ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പിന്റെ സാന്നിധ്യത്തില്‍ ക്ഷേത്രം തന്ത്രി ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാട് ഹവിസ് അര്‍പ്പിച്ചു. നാലമ്പലത്തിനകത്തു സപ്‌തമാതൃക്കള്‍ക്കു ഹവിസ് തൂവുന്ന സമയത്തു ഭക്‌തര്‍ കാണിക്കയര്‍പ്പിച്ച് ഉത്സവബലി ദര്‍ശനം നടത്തി. വലിയ ബലിക്കല്ലിനും ഒടുവില്‍ ക്ഷേത്രപാലനു പാത്രത്തോടെയും ഹവിസ് അര്‍പ്പിച്ചു. ദേശക്കാര്‍ക്കെല്ലാം വിഭവസമൃദ്ധമായ പകര്‍ച്ചയും ഭക്‌തര്‍ക്ക് ഊട്ടുപുരയില്‍ സദ്യയും നല്‍കി. വടക്കേനടയ്‌ക്കല്‍ സ്വര്‍ണപഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ചുവയ്‌ക്കല്‍, തായമ്പക, കൂത്ത്, പാഠകം, മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ കലാപരിപാടികള്‍ എന്നിവ ഇന്നലെ സമാപിച്ചു.
Discussion about this post