തിരുവനന്തപുരം: സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികള്‍ക്കുള്ള മിഷന് പ്രോജക്ടുകള്‍ നവംബര്‍ രണ്ടാംവാരം തുടക്കം കുറിക്കും. സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി, ഹരിത കേരളം പദ്ധതി, വിദ്യാഭ്യാസ ശാക്തീകരണ പദ്ധതി, ആരോഗ്യരംഗത്തെ ആര്‍ദ്രം എന്നിവയുടെ വിശദമായ രൂപരേഖ അന്ന് പുറത്തിറക്കും.
എല്ലാ ഭൂരഹിതഭവനരഹിത കുടുംബങ്ങള്‍ക്കും അഞ്ച് വര്‍ഷം കൊണ്ട് വീടുകള്‍ നിര്‍മിച്ചു നല്‍കുകയും ഉപജീവനം കണ്ടെത്താനുള്ള സംവിധാനം ഉറപ്പാക്കുന്നതുമാണ് പാര്‍പ്പിട മിഷന്. ആര്‍ദ്രം പദ്ധതിയില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണു ലക്ഷ്യമിടുന്നത്. സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിയനുസരിച്ചു ആയിരം സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും. ശുചിത്വംമാലിന്യ സംസ്കരണം, കൃഷി വികസനം, ജലസംരക്ഷണം എന്നീ മൂന്ന് മേഖലകളില്‍ ഊന്നല്‍ നല്കുന്ന ബൃഹത്തായ ഇടപെടലാണ് ഹരിത കേരളം കണ്‍സോര്‍ഷ്യം മിഷന് വഴി ഉദ്ദേശിക്കുന്നത്.
കേരളപ്പിറവിദിനം മിഷനുകള്‍ക്കു തുടക്കം കുറിക്കുന്നതിന്റെ മുന്നോടിയായി ഈ നാലു മിഷനുകള്‍ക്കും ലോഗോയും കളര്‍ സ്കീമും തയ്യാറാക്കുന്നതിന് ഫൈന്‍ ആര്‍ട്സ് കോളേജ് വിദ്യാര്‍ഥികള്‍ക്കായി മത്സരം സംഘടിപ്പിക്കുന്നു. നാല് മിഷന്റെ ലോഗോകളും ഒരു ഡിസൈന്റെ തുടര്‍ച്ച പോലെ ആയിരിക്കണം. തിരഞ്ഞെടുക്കുന്ന ലോഗോകള്‍ ഉപയോഗിക്കാനും ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അവകാശം സര്‍ക്കാരിനുണ്ടായിരിക്കും. മികച്ച ലോഗോയക്ക് 10000 രൂപ പ്രൈസ് മണി നല്‍കും. രചനകള്‍ ഒക്ടോബര്‍ 25 നകം ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം1 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.
Discussion about this post