കൊച്ചി: ഇരുമ്പനത്തെ ഐഒസി പ്ലാന്റിലെ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ടെന്‍ഡര്‍ നടപടികളിലെ അപാകതകളിലും ഓവര്‍സ്പില്‍ സെന്‍സര്‍ യന്ത്രം ഘടിപ്പിക്കുന്നത് സംബന്ധിച്ച തര്‍ക്കങ്ങളെയും തുടര്‍ന്നാണ് ഐഒസി പ്ലാന്റിലെ ടാങ്കര്‍ ലോറിത്തൊഴിലാളികളും ഉടമകളും പണിമുടക്ക് ആരംഭിച്ചത്. ഐഒസിയില്‍ പ്രവര്‍ത്തിക്കുന്ന 612 ലോറികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം എന്നീ ജില്ലകളൊഴിച്ച് സംസ്ഥാനത്തെ മറ്റെല്ലാ ജില്ലകളിലേക്കും പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം എന്നിവ എത്തിക്കുന്നത് ഇരുമ്പനം പ്ലാന്റില്‍ നിന്നാണ്. ഐഒസി പ്ലാന്റില്‍ നിന്ന് ദിവസേന 560 ലോഡ് ഇന്ധനമാണ് പോകുന്നത്. സമരം ആരംഭിച്ചതോടെ ഇന്ധന നീക്കം നിലച്ചിരിക്കുകയാണ്. പണിമുടക്ക് നീണ്ടാല്‍ സംസ്ഥാനത്ത് ഇന്ധനക്ഷാമമുണ്ടാകാനുള്ള സാധ്യതകളുണ്ട്. പ്ലാന്റിലെ ഇന്ധനവിതരണത്തിനുള്ള പുതിയ ടെന്‍ഡറിലെ അപാകതകള്‍ പരിഹരിക്കണമെന്നാണ് തൊഴിലാളികളുടെയും ലോറിയുടമകളുടെയും ആവശ്യം. നിലവില്‍ 612 ലോറികളാണ് പ്ലാന്റില്‍ നിന്ന് ഇന്ധനവുമായി പോകുന്നകത്. എന്നാല്‍, പുതിയ ടെന്‍ഡര്‍ 550 ലോറികളെ മാത്രമെ വിളിച്ചിട്ടുള്ളു. 60 ഓളം ലോറികളിലെ 120 ഓളം തൊഴിലാളികളുടെ ജോലി ഇല്ലാതാക്കുന്നതാണ് ഈ നടപടിയെന്ന് ഐഒസി ടാങ്കര്‍ ലോറി തൊഴിലാളി യൂണിയന്‍ മേഖലാ പ്രസിഡന്റ് ബി.ഹരികുമാര്‍ വ്യക്തമാക്കി.
പുതിയ ടെന്‍ഡറില്‍ പങ്കെടുക്കുന്നവര്‍ക്ക് മൊത്തം ലോറികളുടെ 10 ശതമാനം ലോറിയെങ്കിലും ഉണ്ടായിരിക്കുണമെന്നും വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ പ്രകാരം 550 ലോറികള്‍ക്കുള്ള ടെന്‍ഡറില്‍ പങ്കെടുക്കാന്‍ 55 ലോറികളെങ്കിലുമുള്ളവര്‍ക്കു മാത്രമെ സാധിക്കുകയുള്ളൂ. ഇത് ഒന്നും രണ്ടും ലോറികളുമായി പ്രവര്‍ത്തിക്കുന്ന ചെറുകിടക്കാരുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്ന നടപടിയാണ്. ലോറികള്‍ക്ക് കഴിഞ്ഞ തവണയെക്കാള്‍ കുറഞ്ഞ വാടകയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ലോറികള്‍ക്ക് വാടക കുറയ്ക്കുന്നത് തൊഴിലാളികളുടെ കൂലിയെ വരെ ബാധിക്കും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് കമ്പനിക്ക് നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്നു മൂന്ന് തവണ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുളളവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നപരിഹാരമായില്ല. ഈ സാഹചര്യത്തിലാണ് ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്നും ഹരികുമാര്‍ പറഞ്ഞു.
സമരത്തിന് പരിഹാരം കാണാന്‍ തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ വൈകുന്നേരം കോഴിക്കോട് ചര്‍ച്ച നടക്കും. ഐഒസി, ബിപിസിഎല്‍, എച്ച്പിസി കോ-ഓഡിനേഷന്‍ കമ്മിറ്റിയെ പ്രതിനിധീകരിച്ച് കെ.ടി. സൈഗാള്‍, എം.ഇബ്രാഹിംകുട്ടി, ബി.ഹരികുമാര്‍, ഷിബു, ജോബി, മൈതാനം വിജയന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിപിസിഎല്‍, എച്ച്പിസി എന്നിവിടങ്ങളിലെ തൊഴിലാളികള്‍ രാവിലെ 10 വരെ പണിമുടക്കി.
Discussion about this post