ന്യൂഡല്‍ഹി: ഹിന്ദുത്വം മതമല്ല, ജീവിതചര്യയാണെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി. 1995ലെ വിധി പുനപരിശോധിക്കേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. ഹിന്ദുത്വത്തെ നിര്‍വചിക്കണമെന്ന ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്. ടീസ്റ്റ സെതല്‍വാദ് നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂറിന്റെ അദ്ധ്യക്ഷതയിലുള്ള ഏഴംഗ ബെഞ്ച് വാദം കേട്ടത്.
1995ല്‍ ‘ഹിന്ദുത്വം എന്നത് ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതരീതിയും മാനസികാവസ്ഥയുമാണ്’ എന്ന് സുപ്രീംകോടതി ഒരു തെരഞ്ഞെടുപ്പു കേസില്‍ വ്യക്തമാക്കിയിരുന്നു. ഇത് പുനപരിശോധിക്കേണ്ടെന്നും ഹിന്ദുത്വം മതമാണോ എന്ന് പരിശോധിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മതനേതാക്കളും സ്ഥാനാര്‍ത്ഥികളും തമ്മിലുള്ള ബന്ധം നിയമപരമാണോ എന്നു മാത്രമേ പരിശോധിക്കേണ്ടതുള്ളൂവെന്നും കോടതി പറഞ്ഞു.
ഹിന്ദുത്വത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്നതില്‍ ജനപ്രാതിനിധ്യ നിയമത്തിന്റെ 123-ാം വകുപ്പ് പ്രകാരം തെറ്റൊന്നുമില്ലെന്നും ഹിന്ദുത്വ പ്രചാരണം നടത്തി തെരഞ്ഞെടുപ്പില്‍ ജയിച്ചവരെ ഇതു ബാധിക്കില്ലെന്നുമായിരുന്നു അന്ന് മൂന്നംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു.












