ഹരിപ്പാട്: കേന്ദ്രപൂളിലെ അണ്‍അലോക്കേറ്റഡ് ക്വാട്ടയില്‍നിന്ന് കേരളത്തിന് നല്‍കിയിരുന്ന വൈദ്യുതിവിഹിതം പുനഃസ്ഥാപിച്ചതായി കേന്ദ്ര ഊര്‍ജവകുപ്പ് സഹമന്ത്രി കെ.സി. വേണുഗോപാല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 100 മെഗാവാട്ട് തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തിന് ലഭിച്ചുതുടങ്ങും. അടുത്തമാസം അവസാനത്തോടെ 80 മെഗാവാട്ട് വൈദ്യുതികൂടി കേരളത്തിന് അധികമായി ലഭിക്കും.
സംസ്ഥാനത്തിന് അണ്‍അലോക്കേറ്റഡ് ക്വാട്ടയില്‍നിന്ന് ലഭിച്ചിരുന്ന 173 മെഗാവാട്ട് വൈദ്യുതി 2006 ഡിസംബറിലാണ് നിര്‍ത്തിയത്. ഇത് പുനഃസ്ഥാപിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നിരന്തരമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഊര്‍ജവകുപ്പില്‍ സഹമന്ത്രിയായി ചുമതലയേറ്റപ്പോള്‍ ആദ്യം ശ്രദ്ധിച്ചത് ഇക്കാര്യമാണ്. വാര്‍ഷിക പരീക്ഷകളുടെ സമയത്ത് വിദ്യാര്‍ഥികളെ പവര്‍ക്കട്ടില്‍നിന്ന് രക്ഷപ്പെടുത്താനാണ് അടിയന്തരമായി വൈദ്യുതിവിഹിതം പുനഃസ്ഥാപിച്ചതെന്നും ഇത് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സമ്മാനമാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
കായംകുളം നിലയത്തിന്റെ ശേഷി 1400 മെഗാവാട്ടായി ഉയര്‍ത്താനുള്ള പദ്ധതിക്ക് കേന്ദ്ര ഊര്‍ജമന്ത്രാലയം അന്തിമാനുമതി നല്‍കി. ഇന്ധനമായ പ്രകൃതിവാതകം കൃഷ്ണ-ഗോദാവരി-ഗ്യാസ് ബെയ്‌സിനില്‍നിന്ന് ലഭ്യമാക്കാന്‍ ശ്രമം നടക്കുകയാണ്.
ഇതുസംബന്ധിച്ച എന്‍.ടി.പി.സി. യുടെ നിര്‍ദേശം, ധനകാര്യമന്ത്രി പി. ചിദംബരം ചെയര്‍മാനായുള്ള മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയിലാണ്. ഉപസമിതിയുടെ അനുമതി ലഭിച്ചാല്‍ രണ്ടരവര്‍ഷത്തിനകം നിലയത്തിന്റെ ശേഷി വര്‍ധന യാഥാര്‍ഥ്യമാകും. കൃഷ്ണാ-ഗോദാവരി തടത്തിലെ വാതകം ലഭ്യമായാല്‍ യൂണിറ്റിന് നാലുരൂപ നിരക്കില്‍ ഉത്പാദനം സാധ്യമാകും. ഇത് കായംകുളം നിലയത്തിന്റെ തുടര്‍ന്നുള്ള വികസനത്തിനും വഴിവെക്കും.
ഓസ്‌ട്രേലിയയില്‍ നിന്നുള്ള പ്രകൃതിവാതകം ഇറക്കുമതിചെയ്ത് നിലയത്തിന്റെശേഷി വര്‍ധിപ്പിക്കാനായിരുന്നു ആലോചന. ഇന്ധനവിലയും കൈകാര്യച്ചെലവും പരിഗണിക്കുമ്പോള്‍ വൈദ്യുതിക്ക് യൂണിറ്റിന് ഒന്‍പത് രൂപയോളം വിലയാകാനിടയാക്കുന്ന ഇടപാടാണിത്. ഇത് പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെങ്കിലും കൃഷ്ണാ-ഗോദാവരി പദ്ധതിയില്‍നിന്നുള്ള ഇന്ധനത്തിനാണ് ആദ്യപരിഗണനയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
Discussion about this post