തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ വരുത്തുമെന്നു പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്ഥലംമാറ്റം, നിയമനം, സാധനങ്ങള്‍ വാങ്ങല്‍, മരാമത്ത് തുടങ്ങിയ കാര്യങ്ങള്‍ പ്രത്യേക കമ്മിറ്റികള്‍ക്കുവിടുന്നതുള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ ആയിരിക്കും നടപ്പാക്കാന്‍ ശ്രമിക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.
ശബരിമലയില്‍ അന്നദാനത്തിനുള്ള പാത്രങ്ങള്‍ നിലവില്‍ ചൂടുവെള്ളംകൊണ്ട് കഴുകുന്നതിനുപുറമേ നീരാവി കൊണ്ട് അണുവിമുക്തമാക്കുന്നതുള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിമിതമായ സൗകര്യങ്ങളുണ്ടായിരുന്ന അന്നദാനമണ്ഡപം ഇപ്പോള്‍ 2000 പേര്‍ക്ക് ഒരുമിച്ച് ഇരുന്ന കഴിക്കാവുന്നതരത്തില്‍ വികസിപ്പിച്ചു. മുന്‍പ് പത്തിരുന്നൂറ് പാത്രങ്ങളും നാലഞ്ച് ബഞ്ചുമായി പരിമിതമായ സൗകര്യത്തില്‍ ആയിരുന്ന അന്നദാനമണ്ഡപം മെച്ചപ്പെട്ട ആധുനിക സൗകര്യങ്ങളുള്ളതും വൃത്തിയും വെടിപ്പുമുള്ളതുമാക്കി മാറ്റാനും കഴിഞ്ഞതായും അദ്ദേഹം പഞ്ഞു.
ശബരിമലയുടെ വികസനപ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചുമാത്രമേ തീരുമാനമെടുക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സിന്റെ മീഡിയ സെന്ററിന്റെ പ്രവര്‍ത്തനം മികച്ച രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, മൊബൈല്‍ ആപ്പ് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ ഭക്തര്‍ക്ക് അപ്പപ്പോള്‍ വിവരങ്ങള്‍ വാര്‍ത്തകളായും ചിത്രങ്ങളായും നല്‍കാന്‍ മികച്ച പ്രവര്‍ത്തനമാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍വഹിക്കുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
Discussion about this post