സന്നിധാനം: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വഷളായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ശബരിമലയിലും സുരക്ഷ ശക്തമാക്കി. തമിഴ്നാട്ടില്‍ നിന്നുളള ആയിരക്കണക്കിന് ഭക്തരാണ് ദിവസേന മലചവിട്ടുന്നത്. ഈ സാഹചര്യത്തിലാണ് മുന്‍കരുതല്‍ കൈക്കൊണ്ടിരിക്കുന്നത്.
ഇന്നലെ രാത്രിയോടെ പതിനെട്ടാം പടിക്ക് താഴെയുളള ആഴിക്ക് ചുറ്റും വടം കെട്ടി ഭക്തര്‍ ആ ഭാഗത്തേക്ക് കടക്കുന്നത് തടഞ്ഞിരുന്നു. രാത്രി ഇവിടെ കാവലിന് കൂടുതല്‍ പൊലീസുകാരെയും വിന്യസിച്ചിരുന്നു. വാര്‍ത്തയറിഞ്ഞതോടെ തമിഴ്നാട്ടില്‍ നിന്നുളള ഭക്തര്‍ തിരക്കിട്ട് തൊഴുത് മടങ്ങുകയാണ്.
ദര്‍ശനത്തിനായി നില്‍ക്കുന്നവര്‍ മാത്രമാണ് സന്നിധാനത്ത് തങ്ങുന്നത്. അക്രമസംഭവങ്ങള്‍ എന്തെങ്കിലും ഉണ്ടായാല്‍ വാഹന ഗതാഗതം ഉള്‍പ്പെടെ തടസപ്പെടാന്‍ സാദ്ധ്യതയുളളതിനാല്‍ എത്രയും വേഗം നാട്ടിലെത്താനാണ് ഇവരുടെ ശ്രമം. രാത്രി ഒരു മണിയോടെയാണ് ആഴിക്ക് ചുറ്റും വടം കെട്ടി പൊലീസ് ഭക്തരെ നിയന്ത്രിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
മണ്ഡലകാലം തുടങ്ങിയ ശേഷം ഇതുവരെ തമിഴ്നാട്ടില്‍ നിന്നുളള ഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല. വരും ദിവസങ്ങളില്‍ തമിഴ്നാട്ടില്‍ നിന്നുളള കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിനായി എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്.












