* അഖിലേന്ത്യ പോലീസ് സയന്‍സ് കോണ്‍ഗ്രസ് സമാപിച്ചു
തിരുവനന്തപുരം: ക്രമസമാധാന രംഗത്ത് പുതുതായുണ്ടാകുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ പോലീസ് സേനാംഗങ്ങള്‍ക്ക് ഏറ്റവും താഴെത്തട്ടില്‍വരെ ശാസ്ത്ര സാങ്കേതിക വിദ്യകളില്‍ ഫലപ്രദമായ പരിശീലനം നല്‍കണമെന്ന് ഗവര്‍ണര്‍ റിട്ട.ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. കോവളം കെ.ടി.ഡി.സി. സമുദ്രയില്‍ 45ാമത് അഖിലേന്ത്യ പോലീസ് സയന്‍സ് കോണ്‍ഗ്രസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ നീതി, സമത്വം, സ്വാതന്ത്ര്യം, മൗലികാവകാശങ്ങള്‍ എന്നിവ പലതരം വെല്ലുവിളികളെ നേരിടുകയാണ്. ക്രമസമാധാന രംഗത്ത് ഇക്കാലമത്രയും സ്തുത്യര്‍ഹമായ സേവനം നല്‍കാന്‍ പോലീസിനു കഴിഞ്ഞിട്ടുണ്ട്. എങ്കിലും ജനസൗഹ്യദ പോലീസായി പൂര്‍ണമായി മാറേണ്ടതുണ്ട്. ഫലപ്രദമായ ഒരു നീതിന്യായ പരിപാലനക്രമം ഇതിനായി രൂപപ്പെടുത്തണം. കുറ്റാന്വേഷണ നടപടികളുടെ ആധുനികവത്കരണം, കാര്യക്ഷമത വര്‍ധിപ്പിക്കല്‍ എന്നിവ ഇതിന് അത്യന്താപേക്ഷിതമാണ്. അത്തരം നടപടികളിലൂടെ സ്ത്രീകള്‍, കുട്ടികള്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍ തുടങ്ങി എല്ലാവര്‍ക്കും കൂടുതല്‍ സുരക്ഷിതത്വ ബോധം പ്രദാനം ചെയ്യാന്‍ ശാസ്ത്ര സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ കഴിയും. സമ്പദ്‌വ്യവസ്ഥയിലെ മാറ്റങ്ങളും സാമൂഹ്യ മുന്നേറ്റ പ്രക്രിയയിലെ ചലനങ്ങളും മനസ്സിലാക്കുന്നതിനൊപ്പം ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ കൂടി ഉള്‍ക്കൊള്ളാന്‍ പോലീസിനു കഴിയണം. ശാസ്ത്ര കോണ്‍ഗ്രസിലെ വിദഗ്ധ നിര്‍ദ്ദേശങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ബി.പി.ആര്‍. ആന്റ് ഡി ഡയറക്ടര്‍ ജനറല്‍ എം.സി.ബോര്‍വാന്‍കര്‍ അധ്യക്ഷത വഹിച്ചു. വി.എസ്.എസ്.സി ഡയറക്ടര്‍ ഡോ.കെ. ശിവന്‍ മുഖ്യപ്രഭാഷണം നടത്തി. എ.ഡി.ജി.പി. ഡോ. ബി.സന്ധ്യ സ്വാഗതവും ബി.പി.ആര്‍. ആന്റ് ഡി എ.ഡി.ജി.പി. പര്‍വേശ് ഹയാത്ത് നന്ദിയും പറഞ്ഞു. രണ്ടു ദിവസങ്ങളിലായി നടന്ന സയന്‍സ് കോണ്‍ഗ്രസില്‍ കുറ്റാന്വേഷണം മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യയുടെ പങ്ക്, തീവ്രവാദപ്രവര്‍ത്തനങ്ങളും മൗലികവാദ പ്രവര്‍ത്തനങ്ങളും തടയുന്നതിന് ശാസ്ത്രസാങ്കേതിക വിദ്യകളുടെ ഉപയോഗം, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് അപായരഹിതമായ മാര്‍ഗ്ഗങ്ങള്‍, റോഡപകടങ്ങളിലെ മരണനിരക്ക് കുറയ്ക്കുന്നതിനുള്ള ഗതാഗത മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ വിവിധ സെഷനുകളിലായി 19 വിദഗ്ധ അവതരണങ്ങള്‍ നടന്നു. ശാസ്ത്രസാങ്കേതിക വിദഗ്ധരും പോലീസ് ഉദ്യോഗസ്ഥരുമുള്‍പ്പെടെ നൂറ്റി അന്‍പതോളം പ്രതിനിധികള്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
ഈ അവതരണങ്ങളുടേയും ചര്‍ച്ചകളുടേയും അടിസ്ഥാനത്തില്‍ രാജ്യത്തെ പോലീസ് സേനയില്‍ ശാസ്ത്ര സാങ്കേതിക അറിവുകളും സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങള്‍ വരുംനാളുകളില്‍ കൈക്കൊള്ളുമെന്ന് ബി.പി.ആര്‍. ആന്റ് ഡി ഡയറക്ടര്‍ ജനറല്‍ എം.സി.ബോര്‍വാന്‍കറും സയന്‍സ് കോണ്‍ഗ്രസ് സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ ഡോ.ബി. സന്ധ്യയും അറിയിച്ചു.
Discussion about this post